Asianet News MalayalamAsianet News Malayalam

ആരോഗ്യ സേതുവില്‍ സുരക്ഷ വീഴ്ചയെന്ന് എത്തിക്കല്‍ ഹാക്കര്‍; ഒരു പിഴവും ഇല്ലെന്ന് സര്‍ക്കാര്‍

ആരോഗ്യ സേതു ആപ്പില്‍ ഇതുവരെ ഒരു വിവര ചോര്‍ച്ചയും നടന്നിട്ടില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. 

Aarogya Setu app has no vulnerability no data security breach has happened Govt
Author
New Delhi, First Published May 6, 2020, 11:49 AM IST

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷ പാളിച്ചകള്‍ ഉണ്ടെന്ന് ഫ്രഞ്ച് സൈബര്‍ സെക്യൂരിറ്റി വിദഗ്ധനെന്ന് അറിയപ്പെടുന്ന എലിയട്ട് ആള്‍ഡേര്‍സണ്‍. നേരത്തെ ലോകത്തിന്‍റെ പലഭാഗത്തും എത്തിക്കല്‍ ഹാക്കിംഗിന്‍റെ പേരില്‍ പ്രശസ്തനാണ് എലിയട്ട് ആള്‍ഡേര്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന റോബര്‍ട്ട് ബാപ്റ്റിസ്റ്റ്. 

ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലാണ് എലിയട്ട് ആള്‍ഡേര്‍സണ്‍ ആരോഗ്യസേതുവിനെ പരാമര്‍ശിച്ചത്. ആരോഗ്യ സേതുവില്‍ ഒരു സുരക്ഷ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. 90 ദശലക്ഷം ഇന്ത്യക്കാരുടെ സ്വകാര്യത പ്രതിസന്ധിയിലാണ്, എന്നെ സ്വകാര്യമായി ബന്ധപ്പെടുക. രാഹുല്‍ ഗാന്ധി പറഞ്ഞത് സത്യമാണെന്നും ട്വിറ്റീല്‍ പറയുന്നു.

ആരോഗ്യ സേതു ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും. അനുമതിയില്ലാതെ പൗരന്മാരെ നിരീക്ഷിക്കുന്ന സംവിധാനമാണിതെന്നുമാണ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്. ഇതിനെതിരെ ബിജെപി തന്നെ രംഗത്ത് എത്തിയിരുന്നു. ഒരോ ദിവസവും ഒരോ നുണ എന്നാണ് ഇത് സംബന്ധിച്ച് ബിജെപി പ്രതികരിച്ചത്.

എലിയട്ട് ആള്‍ഡേര്‍സണിന്‍റെ ട്വീറ്റിന് ശേഷം ആരോഗ്യ സേതു അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.  എലിയട്ട് ആള്‍ഡേര്‍സണുമായി ബന്ധപ്പെട്ടുവെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് ആരോഗ്യസേതു ടീം പറയുന്നത്. ആരോഗ്യസേതു ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെയും വ്യക്തിഗത വിവരങ്ങള്‍ അപകടത്തിലായിട്ടില്ലെന്നും. ഞങ്ങളുടെ സിസ്റ്റം തുടര്‍ച്ചയായി പരിഷ്കരിക്കുകയും, പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും. ആരോഗ്യ സേതു ആപ്പില്‍ ഇതുവരെ ഒരു വിവര ചോര്‍ച്ചയും നടന്നിട്ടില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. 

ഞങ്ങളുമായി ഈ വിഷയം സംസാരിച്ച എത്തിക്കല്‍ ഹാക്കര്‍ക്ക് നന്ദി പറയുന്ന ആരോഗ്യ സേതു ആപ്പ് ടീം. ഇത്തരത്തില്‍ എന്ത് പിഴവ് തോന്നിയാലും ആരോഗ്യസേതും ടീമുമായി ബന്ധപ്പെടാം എന്നും പറയുന്നു. അതേ സമയം സര്‍ക്കാര്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ട വിവരം എലിയട്ട് ആള്‍ഡേര്‍സണ്‍ തുടര്‍ന്നുള്ള ട്വീറ്റുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios