ദില്ലി: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് പ്രശസ്ത നടിമാരുടെ അടക്കം വ്യാജ പോണ്‍ ദ‍ൃശ്യങ്ങള്‍ നിര്‍മ്മിക്കുന്ന സൈറ്റുകള്‍ വ്യാപകമാകുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഡസനോളം സൈറ്റുകള്‍ കണ്ടെത്തിയതായി പറയുന്നു. ഇവയിലുള്ള ഉള്ളടക്കം പ്രശസ്തരായ നടിമാരുടെയും, നടിമാരുടെയും പേരിലാണ്. എന്നാല്‍ ഇവയെല്ലാം ഡീപ്പ് ഫേക്ക് എന്ന ആര്‍ട്ടിഫിഷില്‍ ഇന്‍റലിജന്‍സ് സംവിധാനം വഴി ഉണ്ടാക്കിയതാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതില്‍ രസകരമായ കാര്യം ചില സൈറ്റുകള്‍ ഇത് ഫേക്ക് വീഡിയോകളാണെന്നും, ഇത് വിനോദ ആവശ്യത്തിന് വേണ്ടി ചെയ്തതാണ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു എന്നുമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തീര്‍ത്തും അസന്‍മാര്‍ഗ്ഗികമായ പ്രവര്‍ത്തിയും, ഒരാളുടെ സമ്മതം ഇല്ലാതെ അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

മോര്‍‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുക എന്നത് ഒരു പുതിയ കാര്യമല്ല, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢ നെറ്റ്വര്‍ക്കുകളുടെ അടിസ്ഥാന സ്വഭാവത്തിന്‍റെ ഭാഗമാണ് അത്. എന്നാല്‍ പുതിയ ഡീപ്പ് ഫേക്ക് സൈറ്റുകളും അതിലെ വീഡിയോകളും പറയുന്നത്, ഇത്തരം നിഗൂഢ നെറ്റ്വര്‍ക്കുകള്‍ തങ്ങളുടെ ടെക്നോളജി കൂടുതല്‍ ആധുനികമാക്കിയെന്നാണ്- ആര്‍ട്ടിഇസ് യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സ് പ്രഫസര്‍ നിഷാന്ത് ഷാ പറയുന്നു.

2019 ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പോണ്‍ രംഗം എന്നത് 100 ബില്ല്യണ്‍ ഡോളര്‍ ഉണ്ടാക്കുന്ന ഒരു 'വ്യവസായമാണ്'. ലോകത്താകമാനം പോണുമായി ബന്ധപ്പെട്ട് 2.5 കോടി ഡൊമൈനുകള്‍ എങ്കിലുമുണ്ട്. ലോകത്തെ വെബ് ട്രാഫിക്കിന്‍റെ 30 ശതമാനത്തോളം വരും ഇതെന്നാണ് കണക്ക്. ഇത്തരം ഒരു രംഗത്തേക്കാണ് ഡീപ്പ് ഫേക്ക് സാധ്യതകള്‍ കടന്നുവരുന്നത്. 2017 മുതല്‍ തന്നെ ഡീപ്പ് ഫേക്കിന്‍റെ ദുരുപയോഗം വിവിധ സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

ഡീപ്പ് ഫേക്കര്‍ ട്രാക്കിംഗ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ കണക്ക് പ്രകാരം, ഡീപ്പ് ഫേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും സൈബര്‍ ലോകത്തെ സാന്നിധ്യം ദിനം പ്രതി വര്‍ദ്ധിപ്പിക്കുകയാണ്. ഇവര്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 10000 സ്ത്രീകളുടെ മാത്രം ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഇവര്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് പറയുന്നത്.