ദില്ലി: കേന്ദ്രസർക്കാർ രാജ്യത്തേക്കുള്ള കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ആഭ്യന്തര ടെലിവിഷൻ ഉൽപ്പാദകർക്ക് വിപണിയിൽ കൂടുതൽ അവസരം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം എന്നാണ് വിവരം. കേന്ദ്രം നടപ്പിലാക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് ദൌത്യത്തിലേക്കുള്ള മറ്റൊരു ചുവട് വയ്പ്പായും ഇതിനെ ദേശീയ മാധ്യമങ്ങള്‍ കാണുന്നുണ്ട്.

ആഭ്യന്തര ടിവി ഉൽപ്പാദന കമ്പനികളുടെ വിപണി വിഹിതം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.  കളർ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു ഉൽപ്പന്നത്തെ നിയന്ത്രിത വിഭാഗത്തിൽ ഡിജിഎഫ്‌ടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പിന്നെ ആ ഉൽപ്പന്നം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിജിഎഫ്‌ടിയിൽ നിന്ന് തന്നെ പ്രത്യേക ഉത്തരവ് വാങ്ങിക്കേണ്ടതുണ്ട്. 

എന്നാല്‍ വീണ്ടും ചൈനയ്ക്ക് ഇന്ത്യ നല്‍കിയ സ്ട്രൈക്ക് എന്ന നിലയിലും ചില ദേശീയ മാധ്യമങ്ങള്‍ പുതിയ നീക്കത്തെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈന, വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ടെലിവിഷൻ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ വിറ്റുവരവ് 15,000 കോടിയെങ്കിലും വരും എന്നാണ് കണക്ക്. ഇതില്‍ 36 ശതമാനം ചൈനീസ് ടെലിവിഷനുകള്‍ക്കാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ പുതിയ നിയന്ത്രണം ശരിക്കും ചൈനയ്ക്കുള്ള ഒരു സ്ട്രൈക്ക് തന്നെയാരുകയാണ്.

പലപ്പോഴും ഇന്ത്യയിലേക്ക് ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ചൈനീസ് സാധാനങ്ങള്‍ ആ രാജ്യങ്ങള്‍ വഴി എത്തുന്നുണ്ട്. ഇത് ശരിക്കും നിയമപരമായ വ്യാപരമല്ല. അതിനാല്‍ ഇത്തരം നീക്കം തടയാന്‍ ഇറക്കുമതി ചുങ്കം കൂട്ടിയിട്ട് കാര്യമില്ല ഇറക്കുമതി നിയന്ത്രണമേ ഫലിക്കൂ- ഒരു വാണിജ്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിഎ കാലത്ത് 2009ലാണ് ബ്രൂണെ, കംമ്പോഡിയ, ഇന്തോനേഷ്യ, ലവോസ്, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പെന്‍സ്, സിംഗപ്പൂര്‍, തായ്ലാന്‍റ്, വിയറ്റ്നാം എന്നീ ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപരകരാര്‍ ഇന്ത്യ ഒപ്പുവച്ചത്. എന്നാല്‍ ഇതിന്‍റെ ഗുണം ഇന്ത്യന്‍ ആഭ്യന്തര വിപണിക്ക് ഗുണകരമല്ലാത്ത രീതിയില്‍ ചൈന കൈയ്യാളുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം പുതിയ നിയന്ത്രണങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ വിപണിയിലെ ടിവിയുടെ ഉത്പാദനത്തെയും ലഭ്യതയെയും ബാധിക്കാത്ത രീതിയില്‍ ആത്മനിര്‍ഭര്‍ ഭാരത് ദൌത്യ പ്രകാരം സൌകര്യം ഒരുക്കാനാണ് നീക്കം. ഇതിന് ഇന്ത്യയ്ക്ക് സാധിക്കും എന്നത് തെളിയിക്കുന്നതാണ് 2014-19 കാലത്തെ ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിലുണ്ടായ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്.

2014 ല്‍ ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനം 29 ബില്ല്യണ്‍ യുഎസ് ഡോളറിന് സമാനമായിരുന്നെങ്കില്‍ 2019ല്‍ ഇത് 70 ബില്ല്യണ്‍ യുഎസ് ഡോളറായി വളര്‍ന്നു.