ദില്ലി: ഗൂഗിള്‍ ത്രട്ട് അനലിസ്റ്റ് ഗ്രൂപ്പ് 2019 ജൂലൈ വരെ ലോകത്ത് നടന്ന സൈബര്‍ ആക്രമണങ്ങള്‍ വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ലോകത്താകമാനം സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ സജീവമാണ് എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതില്‍ തന്നെ ഇന്ത്യയില്‍ 500 ഓളം സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഉണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല മുന്നറിയിപ്പ് എന്ന രീതിയിലാണ് ഈ റിപ്പോര്‍ട്ട് എന്ന് പറയുന്ന ഗൂഗിള്‍ എന്നാല്‍ ഹാക്കര്‍മാരുടെ പ്രവര്‍ത്തനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല.

ഇസ്രായേലി സ്‌പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് എന്ന നിരീക്ഷണ സോഫ്റ്റ്‌വെയറിന്‍റെ പ്രധാന ഉപയോക്താക്കള്‍ വിവിധ ഭരണകൂടങ്ങളാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ക്ക് നേരെ പെഗാസസ് ആക്രമണം നടന്നുവെന്ന വാട്ട്സ്ആപ്പിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. സര്‍ക്കാര്‍ പിന്തുണയില്‍ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് ഗൂഗിള്‍ വെളിപ്പെടുത്തല്‍. 

50ഓളം രാജ്യങ്ങളില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഹാക്കിംഗ് ഗ്രൂപ്പുകള്‍ സജീവമാണ്. രഹസ്യന്വേഷണ വിവര ശേഖരണം, ഭൗതിക സ്വത്തുക്കളുടെ മോഷണം, സര്‍ക്കാര്‍ വിരുദ്ധരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുക എന്നീ ദൗത്യങ്ങളാണ് ഈ സംഘങ്ങള്‍ പ്രധാനമായും നടത്തുന്നത്. ഒപ്പം സര്‍ക്കാര്‍ അനുകൂല പ്രചാരണങ്ങളെ നയിക്കാനും ഇത്തരം ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്താറുണ്ട്. 

ഫിഷിംഗ് രീതിയിലാണ് ഇത്തരം ഹാക്കര്‍മാരുടെ പ്രധാന പ്രവര്‍ത്തനം. ഉപയോക്താക്കളിൽ 90 ശതമാനത്തിലധികവും ആളുകളെ ലക്ഷ്യം വയ്ക്കുന്നത് "ക്രെഡൻഷ്യൽ ഫിഷിംഗ് ഇമെയിലുകൾ "വഴിയാണെന്ന് ഗൂഗിൾ കണ്ടെത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ പാസ്‌വേഡും മറ്റ് അക്കൗണ്ട് വിശദാംശങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്ന് പറയുന്നത്. ഫിഷിംഗ് ശ്രമങ്ങൾ വളരെ സാധാരണമാണ്,ക്ഷേ ഗൂഗിൾ റിപ്പോർട്ട് പ്രകാരം ഇവ സർക്കാർ സ്പോൺസർ ചെയ്തവയാണ്. പ്രൈവസിയും സൈബർ സുരക്ഷയും പ്രധാന കാര്യങ്ങളായി കാണുന്ന കാലത്താണ് സർക്കാരുകൾ തന്നെ ഇന്‍റർനെറ്റ് ഉപയോക്താക്കൾക്കെതിരെ ഇത്തരം നടപടികൾക്ക് പിന്തുണ നൽകുന്നത് എന്ന കാര്യം ഏറെ ഗൗരവം അർഹിക്കുന്ന കാര്യമാണ്.

ഗൂഗിളിന്‍റെ പുതിയ പ്രഖ്യാപനം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. സൈബർ ഇടത്തിൽ ആരും സുരക്ഷിതരല്ലെന്ന് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. ഗൂഗിൾ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ പൗരന്മാരെ നിരീക്ഷിക്കാനും സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനുമായി സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്ന വാദം സൈബർ ലോകത്ത് തന്നെ ഉയരുന്നുണ്ട്.

എന്തായാലും ഈ റിപ്പോര്‍ട്ടില്‍ തന്നെ ഫിഷിംഗിന് വിധേയമായേക്കാവുന്നവരോട്  അക്കൗണ്ട് ഹൈജാക്കിംഗിനും എതിരെ ലഭ്യമായ ഏറ്റവും ശക്തമായ പ്രതിരോധം നൽകുന്ന അഡ്വാൻസ് പ്രോട്ടക്ഷൻ പ്രോഗ്രാമിൽ (എപിപി) ചേരാൻ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്. ഗൂഗിള്‍ റിപ്പോര്‍ട്ട് പ്രകാരം ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചത് ആഗോളതലത്തില്‍ 1,400 പേരെയാണ് ഇതില്‍ 121 പേര്‍ ഇന്ത്യയിലാണ്.