Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പില്‍ ചാരപ്പണി: കേന്ദ്രത്തിന് വിശദീകരണവുമായി വാട്ട്സ്ആപ്പ്

ഫോണിന്‍റെ ജിപിഎസ് സംവിധാനം പ്രയോജനപ്പെടുത്തി ആ വ്യക്തി എവിടെയാണെന്ന് പോലും കണ്ടെത്താൻ കഴിയും. എന്നാൽ ഒട്ടും ചീപ്പല്ല ഈ പെഗാസസ് എന്ന സോഫ്റ്റ് വെയർ. അതുകൊണ്ടുതന്നെ, ഇത് പണം നൽകി സ്വന്തമാക്കാൻ സർക്കാർ സംവിധാനങ്ങൾക്കും, വൻകിട കുത്തക സ്ഥാപനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ.

Agree with Indian government on need to safeguard citizens said whatsapp
Author
WhatsApp, First Published Nov 1, 2019, 11:32 PM IST

ദില്ലി: വാട്ട്സ്ആപ്പില്‍ സ്പൈവെയര്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിന് വാട്ട്സ്ആപ്പാന്‍റെ വിശദീകരണം. ഇന്ത്യക്കാർ ഉൾപ്പടെ ഉള്ളവരുടെ വിവരങ്ങൾ ഇസ്രായേലി എന്‍.എസ്.ഒ സ്പൈവെയർ ഉപയോഗിച്ച് ചോർത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിന്‍റെ അന്വേഷണത്തിനാണ് വാട്ട്സ്ആപ്പ് വിശദീകരണം നല്‍കിയത്. വാട്ട്സ്ആപ്പ് വിവരം ചോർത്തലിനെക്കുറിച്ച് കഴിഞ്ഞ മെയില്‍ തന്നെ ഇന്ത്യൻ  അധികൃതരെ അറിയിച്ചിരുന്നുവെന്ന് വാട്ട്സ്ആപ്പ് പറയുന്നത്. പുതിയ വിവാദത്തിന്‍റെ പേരില്‍  കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന  നടപടികളുമായി സഹകരിക്കും. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്നും വാട്സാപ്പ് വ്യക്തമാക്കി. 

17 ഇന്ത്യക്കാർ അടക്കം 20രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങൾ ഇസ്രായേലി എന്‍.എസ്.ഒ ചോർത്തിയെന്നാണ് വാട്സാപ്പ് അമേരിക്കൻ കോടതിയെ അറിയിച്ചത്. സർക്കാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ,ആക്ടിവിസ്റ്റുകൾ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് വാട്ട്സ്ആപ്പിനോട് വിശദീകരണം തേടിയത്. 

ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ ചുരുങ്ങിയത് രണ്ടു ഡസൻ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെയും മനുഷ്യാവകാശപ്രവർത്തകരുടേയുമെങ്കിലും ഫോണുകളിലെ വാട്ട്സ്ആപ്പ് മെസഞ്ചറിലുള്ള ന്യൂനതകൾ മുതലെടുത്തുകൊണ്ട് അവർക്കുമേൽ ചാരപ്പണി നടത്തപ്പെട്ടുവെന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഇസ്രായേലി രഹസ്യപൊലീസ് സംഘടനയിലെ മുൻ അംഗങ്ങൾ ഡയറക്ടർമാരായ എൻഎസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്റ്റ്‌വെയറാണ് ഈ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതും തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ എൻഎസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് വാട്ട്സാപ്പ് കമ്പനിയുടെ തീരുമാനം. 

2019  മെയ് മാസത്തിലെ രണ്ടാഴ്ചയാണ് ഈ ചാരപ്രവൃത്തികളും നിരീക്ഷണങ്ങളും ഒക്കെ നടത്തപ്പെട്ടിരിക്കുന്നത്. ആ കാലാവധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അഭ്യാസവുമായി യാദൃച്ഛികമായ ബന്ധമുണ്ട്. അതെ, തെരഞ്ഞെടുപ്പ് നടന്ന കാലം. പെഗാസസ് എന്ന ഹാക്കിങ്ങ് സോഫ്റ്റ്‌വെയറിന്റെ ഫലസിദ്ധി അവിശ്വസനീയം എന്നുപറയാവുന്നത്രയുണ്ട്. 

അത് ചിലപ്പോൾ ഒരു ലിങ്ക് വഴിയാകാം ഫോണിലേക്ക് കടന്നുകയറുന്നത്, അല്ലെങ്കിൽ അറിയാത്ത നമ്പറിൽ നിന്നുള്ള ഒരു വാട്ട്സാപ്പ് കോൾ. അങ്ങനെ ഒരിക്കൽ പെഗാസസ് സോഫ്റ്റ്‌വെയർ ലക്ഷ്യമിട്ട മൊബൈലുമായി സമ്പർക്കം സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ഫോണിന്റെ കാമറ ഓൺ ചെയ്യാനും, മൈക്ക് ഓൺ ചെയ്യാനും ഒക്കെ അതിനാകും. ആ ഫോണിലെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, എസ്എംഎസുകൾ, ഫോട്ടോകൾ, ഇമെയിൽ സന്ദേശങ്ങൾ എന്നുതുടങ്ങി എല്ലാം തന്നെ പിന്നെ സോഫ്റ്റ്‌വെയർ ലൈസൻസ് ചെയ്യപ്പെട്ടയാളിന് പരിശോധിക്കാം. 

ഫോണിന്‍റെ ജിപിഎസ് സംവിധാനം പ്രയോജനപ്പെടുത്തി ആ വ്യക്തി എവിടെയാണെന്ന് പോലും കണ്ടെത്താൻ കഴിയും. എന്നാൽ ഒട്ടും ചീപ്പല്ല ഈ പെഗാസസ് എന്ന സോഫ്റ്റ് വെയർ. അതുകൊണ്ടുതന്നെ, ഇത് പണം നൽകി സ്വന്തമാക്കാൻ സർക്കാർ സംവിധാനങ്ങൾക്കും, വൻകിട കുത്തക സ്ഥാപനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ. ജമാൽ ഗസ്‌ഷോജിയെപ്പോലുള്ള ആക്ടിവിസ്റ്റുകളെ ട്രാക്ക് ചെയ്ത്  വധിക്കാൻ സഹായമേകിയത് പെഗാസസ് സ്പൈവെയർ ആണെന്ന് ആക്ഷേപമുണ്ട്.  

എന്നാൽ,  കൃത്യമായ ക്രെഡൻഷ്യലുകളുള്ള സർക്കാർ അന്വേഷണ ഏജൻസികൾക്കുമാത്രമേ ഇതുവരെ തങ്ങൾ പെഗാസസ് ലൈസൻസ് ചെയ്തു നൽകിയിട്ടുള്ളൂ എന്നാണ് എൻഎസ്ഒ അവകാശപ്പെടുന്നത്. ആ അവകാശത്തിന്റെ പ്രത്യക്ഷത്തിലുള്ള ധ്വനി മേൽപ്പറഞ്ഞ ഇന്ത്യൻ മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും മേൽ ചാരപ്പണി നടത്താൻ പെഗാസസ് സോഫ്റ്റ്‌വെയറിന്റെ സഹായം തേടിയത് ഇന്ത്യൻ ഏജൻസികൾ തന്നെയാണ് എന്നാണ്.


ഇങ്ങനെ ഇന്ത്യയിലെ സാമൂഹ്യ-പത്ര-പ്രവർത്തകർ ടാർജറ്റ് ചെയ്യപ്പെടുന്നു എന്ന സത്യം വെളിപ്പെടുത്തിയത്,  യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ സിറ്റിസൺസ് ലാബ് എന്ന സൈബർ അധിനിവേശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ്. അവർ ഇന്ത്യയിൽ ഇത്തരത്തിൽ ചാരപ്പണിക്ക് വിധേയമാക്കപ്പെട്ട ചിലരുടെ പേരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പെഗാസസിന് ലൈസൻസ് എടുത്തിരിക്കുന്നത് ഗാഞ്ചസ്(Ganges) എന്നപേരിലാണ്. ആ പേരിനുപോലും ഒരു രാഷ്ട്രീയ ധ്വനിയുണ്ട് എന്നാണ് പരക്കെയുള്ള ആക്ഷേപം. ഇങ്ങനെ ലക്ഷ്യമിടപ്പെട്ടവരിൽ പലരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരും മാധ്യമപ്രവർത്തകരും മറ്റുമാണ്. അവരിലെ ചില പ്രധാനപ്പെട്ട പേരുകൾ ഇനി പറയുന്നവയാണ്. 

Follow Us:
Download App:
  • android
  • ios