ദില്ലി; ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്‍കി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ.  ഗോപാൽ വിത്തലാണ് ഈ കാര്യം സൂചിപ്പിച്ചത്. ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ച് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും രംഗത്ത് എത്തിയിരുന്നു.

16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക്  ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്പനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്നാണ് സിഇഒ പറയുന്നത്. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയർടെൽ മേധാവി പറയുന്നത്. എന്നാൽ നിരക്കു വർധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയിൽ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് ഗോപാൽ വിത്തൽ വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോൺഫറൻസ് കോളിൽ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാൽ വിത്തൽ താരിഫ് വർധനവ് സംബന്ധിച്ച് എപ്പോള്‍ നടപ്പിലാക്കും എന്ന കാര്യം വ്യക്തമാക്കിയില്ല. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 മുതൽ 300 രൂപയാണ് എയർടെൽ ലക്ഷ്യമിടുന്നതെന്ന് വിത്തൽ പറഞ്ഞു.

ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതിൽ ടെലികോം ഓപ്പറേറ്റർ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിത്തൽ പറഞ്ഞു. സെപ്റ്റംബർ പാദത്തിലും ഇത് കാണപ്പെടുന്നു. ഈ കാലയളവിൽ എയർടെൽ 4 ജി ഉപയോക്താക്കളുടെ എണ്ണത്തിൽ 14.4 ദശലക്ഷത്തിൽ നിന്ന് 152.7 ദശലക്ഷമായി വളർച്ച നേടി. മുന്‍ വർഷത്തേക്കാൾ 48 ശതമാനം വർധനയാണിത്.

16 രാജ്യങ്ങളിലായി 440 ദശലക്ഷം ഉപയോക്താക്കളാണ് എയർടെല്ലിനുള്ളത്. എയർടെല്ലിന്റെ അർപു ജൂലൈ-സെപ്റ്റംബർ കാലയളവിൽ 162 രൂപയി ഉയർന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 128 രൂപയായിരുന്നു. ജൂൺ പാദത്തിൽ 157 രൂപയുമായിരുന്നു.

അതേ സമയം തന്നെ വോഡഫോൺ–ഐഡിയ, എയർടെൽ കമ്പനികൾ ഏതാനും മാസം മുൻപും നിരക്കു വർധനയെന്ന ആവശ്യമുയർത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ 3 കമ്പനികളും 25–39% വരെ നിരക്കു വർധിപ്പിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഡേറ്റ ഉപയോഗവും മൊബൈൽ കോളുംവർധിച്ച സാഹചര്യത്തിലാണ് ഇനിയും നിരക്കു കൂട്ടണമെന്ന നിലപാട്. എന്നാൽ റിലയൻസ് ജിയോ തൽക്കാലം വർധന വേണ്ടെന്ന നിലപാടിലാണ്.

അമേരിക്കയിലും യൂറോപ്പിലും നിലനില്‍ക്കുന്ന വില നല്‍കേണ്ട, ഒരാള്‍ക്ക് 50-60 ഡോളറൊന്നും വേണ്ട. പക്ഷേ, പ്രതിമാസം 16 ജിബി ഉപയോഗിക്കാന്‍ 2 ഡോളര്‍ എന്ന നിരക്കുമായി മുന്നോട്ടുപോയി പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് നേരത്തെ സുനിൽ മിത്തല്‍ പറഞ്ഞത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ആറു മാസത്തിനുള്ളല്‍ 200 രൂപയായേക്കിയേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍, തങ്ങള്‍ക്ക് ഓരോ മാസവും ഉപയോക്താക്കൾ 300 രൂപ തരണം. എന്നാല്‍, 100 രൂപയ്ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന പ്ലാനും വേണം. അപ്പോള്‍ കുറച്ചു ഡേറ്റയെ കാണൂ. എന്നാല്‍, നിങ്ങള്‍ ടിവിയും സിനിമയും വിനോദപരിപാടികളും ഒക്കെ സ്ട്രീം ചെയ്ത് ഡേറ്റ ചെലവഴിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ തുക തരണമെന്നും സുനിൽ മിത്തല്‍ പറഞ്ഞു.

ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. ഇനിയിപ്പോള്‍ 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. ഒപ്ടിക്കല്‍ ഫൈബര്‍ വലിക്കണം, കടലിനടിയിലൂടെ കേബിള്‍ ഇടണം. അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. എന്നാല്‍, അത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും സുനിൽ മിത്തൽ പറഞ്ഞത്.