ലോക്ക്ഡൗണ്‍ സമയത്ത്, കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ ഉപയോഗം നിലനിര്‍ത്താനായി സൗജന്യം പ്രഖ്യാപിച്ച് എയര്‍ടെല്‍. നേരത്തെ, ജിയോയും ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ആ വഴിയിലാണ് എയര്‍ടെല്ലും. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയര്‍ടെല്‍ ഇപ്പോള്‍ കോവിഡ് കാലത്ത് ഫ്രീ ആയി നല്‍കുന്നത്. ഇതു പ്രകാരം ഉപയോക്താക്കള്‍ക്ക് 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുള്ള ടോക്ക് ടൈമും ലഭിക്കും.

ഈ സവിശേഷതയിലൂടെ, എയര്‍ടെല്‍ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. അവരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരാണ്. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലും, ബന്ധം നിലനിര്‍ത്തുന്നതിനും ആവശ്യമുള്ളപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നതിനുമാണ് ഈ സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമേ മറ്റൊരു സൗജന്യപ്ലാന്‍ കൂടി നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ കുടുംബവുമായും ചങ്ങാതിമാരുമായും ബന്ധം നിലനിര്‍ത്തുന്നതിനുള്ള ആവശ്യകത കൂടുതലാണെന്ന് മനസിലാക്കിയ എയര്‍ടെല്‍, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ആനുകൂല്യങ്ങളോടെ 79 റീചാര്‍ജ് കൂപ്പണുകളും അവതരിപ്പിച്ചിട്ടുണ്ട്. 

ഈ രണ്ട് ആനുകൂല്യങ്ങളും വരും ആഴ്ചകളില്‍ ലഭ്യമാക്കും. ദക്ഷിണേഷ്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളില്‍ 45.8 കോടി ഉപഭോക്താക്കളും പ്രവര്‍ത്തനവുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. ആഫ്രിക്കന്‍ വിപണിയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്റര്‍ കൂടിയാണ് എയര്‍ടെല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona