ആലിബാബയുടെ വിഷയത്തിലേക്ക് വന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആലിബാബയുടെ ജീവനക്കാരുടെ എണ്ണത്തില്‍ 13,616 പേരുടെ കുറവുണ്ടെന്നാണ് വിവരം.

സാമ്പത്തിക മാന്ദ്യത്തിന്‍റെ സൂചന നല്‍കി കടുത്ത നടപടിയിലേക്ക് ചൈനീസ് ടെക് ഭീമന്മാരായ ആലിബാബ. ഇവരുടെ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു എന്നാണ് വിവരം. ജൂണ്‍ പാദത്തില്‍ ആലിബാബ 9,281 ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ആലിബാബയിലെ 245700 ജീവനക്കാരാണ് ഇപ്പോള്‍ ഉള്ളത്. ആലിബാബയുടെ അറ്റവരുമാനത്തില്‍ 50 ശതമാനം ഇടിവാണ് ജൂണ്‍ പാദത്തില്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ കടുത്ത നടപടി. സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്ക്, ചൈനയിലെ തുടര്‍ച്ചയായ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ആലിബാബയുടെ വിവിധ വിഭാഗങ്ങളെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അതേ സമയം ആഗോളതലത്തില്‍ തന്നെ ടെക് ഭീമന്മാര്‍ ജോലിക്കാരെ പിരിച്ചുവിടല്‍ വഴിയിലാണ് എന്നാണ് വിവരം. യുഎസിലെ സിലിക്കൺ വാലിയിലെ ടെക് കമ്പനികളില്‍ കഴിഞ്ഞ മാസം 32,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ക്രഞ്ച്ബേസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ടിക്ടോക്, ട്വിറ്റർ, ഷോപ്പിഫൈ, നെറ്റ്ഫ്ലിക്സ്, കോയിൻബേസ് എന്നിവയാണ് ജീവനക്കാരെ പിരിച്ചുവിട്ട പ്രധാന ടെക് കമ്പനികൾ. ഗൂഗിളും ഫേസ്ബുക്കും ഇത്തരം കൂട്ടപിരിച്ചുവിടല്‍ സംബന്ധിച്ച ആലോചന നടത്തുന്നുവെന്ന വാര്‍ത്തയും വന്നിരുന്നു. 

ആലിബാബയുടെ വിഷയത്തിലേക്ക് വന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ആലിബാബയുടെ ജീവനക്കാരുടെ എണ്ണത്തില്‍ 13,616 പേരുടെ കുറവുണ്ടെന്നാണ് വിവരം. 2016 മാർച്ചിന് ശേഷം ആലിബാബയില്‍ ശമ്പള വർധനവ് കാര്യമായി നടന്നില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തയെ സ്ഥിരീകരിക്കുന്ന അഭിപ്രായമല്ല ആലിബാബനല്‍കിയത്. ഏകദേശം 6,000 പുതിയ ജോലിക്കാരെ ക്യാമ്പസ് സെലക്ഷനിലൂടെ കണ്ടെത്താന്‍ ആലിബാബ പദ്ധതിയിടുന്നുവെന്നാണ് ആലിബാബ ചെയർമാനും സിഇഒയുമായ ഡാനിയൽ ഷാങ് യോങ് പറയുന്നത്.

ഇലോൺ മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടിനിടയിൽ ട്വിറ്റര്‍ ഏകദേശം 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. വരിക്കാരുടെ വളർച്ചയിലും വരുമാനത്തിലും കമ്പനി ഇടിവ് കണ്ടതിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് മൊത്തം 450 ജീവനക്കാരെയും നിരവധി കരാറുകാരെയും പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടല്‍ ട്രെന്‍റ് ആഗോളതലത്തില്‍ നിലനില്‍ക്കുന്നു എന്നാണ് ടെക് ലോകത്തെ വിദഗ്ധരുടെയും അഭിപ്രായം.