ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരയുമ്പോള്‍ എറര്‍ 502 കാണിക്കുന്നതാണ് പ്രശ്നം.

ന്യൂയോര്‍ക്ക്: ചൊവ്വാഴ്ച രാവിലെ ഗൂഗിള്‍ സെര്‍ച്ച് പ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് Downdetector.com ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിൾ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിൾ സെർച്ചിൽ 40,000-ലധികം പ്രശ്‌നങ്ങൾ ഡൌണ്‍ ഡിക്ടക്ടറില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരയുമ്പോള്‍ എറര്‍ 502 കാണിക്കുന്നതാണ് പ്രശ്നം. "502. ഇതൊരു എറര്‍ ആണ്. സെർവറിന് ഒരു താൽക്കാലിക തടസ്സം നേരിട്ടതിനാൽ നിങ്ങളുടെ റിക്വസ്റ്റ് ഇപ്പോള്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കൻഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു. 

മറ്റൊരു സന്ദേശത്തിൽ, "തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യർത്ഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില ഇന്‍റേണല്‍ സെർവർ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എഞ്ചിനീയർമാരുടെ ശ്രദ്ധയില്‍ പ്രശ്നം എത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക." എന്ന് ഗൂഗിള്‍ പറഞ്ഞു.

ഗൂഗിൾ ട്രെൻഡ്സ് സേവനവും കുറച്ച് സമയം പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ലിങ്ക് തുറക്കുന്നുണ്ടെങ്കിലും, ട്രെൻഡുകൾ കാണിക്കുന്ന വിൻഡോ ശൂന്യമായിരുന്നു. എന്നിരുന്നാലും, തത്സമയ ട്രെൻഡുകൾ ശരിയായി പ്രവർത്തിക്കുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഈ സേവനം പുനഃസ്ഥാപിക്കപ്പെട്ടു.

ഗൂഗിൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ പരാതി പറയുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

"ആദ്യമായി ഒരു ഗൂഗിൾ സെർച്ച് എഞ്ചിൻ പിശക് നേരിട്ടു. എഞ്ചിൻ പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. വെബിൽ എന്തെങ്കിലും കാര്യമായ കാര്യങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ട്വിറ്ററിൽ വന്നതാണ് ഞാൻ ആദ്യമായി ചെയ്തത്. നിരവധി അഭ്യൂഹങ്ങള്‍ ട്വിറ്ററിലുണ്ട്. റെയാന്‍ ബെക്കര്‍ എന്ന ഉപയോക്താവ് ട്വിറ്ററിൽ എഴുതി. #googleerror എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്.