ദില്ലി: ഇന്ത്യയില്‍ നിന്നും 100 കോടി ഡോളറിന്‍റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന വാഗ്ദാനം നല്‍കി ആമസോണ്‍.   ആമസോണിന്റെ  മേധാവി ജെഫ് ബെസോസ് ആണ് തന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ദില്ലിയില്‍ ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന് 100 കോടി ഡോളര്‍ നിക്ഷേപം ആമസോണ്‍ നടത്തുമെന്നും ബെസോസ് പറഞ്ഞു. 2025 ഓടെയാണ് ഇന്ത്യയില്‍ നിന്നും ആയിരം കോടി ഡോളര്‍ മൂല്യമുള്ള കയറ്റുമതി നടത്താന്‍ സാധിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബെസോസ് പറഞ്ഞു.നേരത്തെ 550 കോടി ഡോളർ ആമസോൺ ഇന്ത്യയിൽ  നിക്ഷേപിച്ചിരുന്നു. 

ദില്ലിയില്‍ ആമസോണിന്റെ   പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജെഫ് ബെസോസ്. . ആമസോണിന്റെ വലുപ്പവും വ്യാപ്തിയും ഉപയോഗിച്ച് ഇന്ത്യയിലെ ഇന്ത്യയുടെ 'ചലനാത്മകതയും, ഊര്‍ജസ്വലതയും വളര്‍ച്ചയും' അദ്ദേഹം എടുത്തു പറഞ്ഞു പുകഴ്ത്തി. ഈ രാജ്യം വളരെ പ്രത്യേകതകളുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യന്‍ ജനാധിപത്യത്തെ പുകഴ്ത്താനും മറന്നില്ല. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ബെസോസ്  ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്തത്.

21 ആം നൂറ്റാണ്ട് ഇന്ത്യന്‍ നൂറ്റാണ്ടാകാന്‍ പോകുകയാണെന്നും ബെസോസ് പ്രത്യാശ പ്രകടിപ്പിച്ചു. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈൻ വ്യാപാര ഭീമന്മാരായ ആമസോണിനെതിരെയും ഫ്ലിപ്കാർട്ടിനെതിരെയും കേന്ദ്രം നിയമങ്ങള്‍ കര്‍ശനമാക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ജെഫ് ബെസോസിന്‍റെ ഇന്ത്യ സന്ദർശനം. 
സന്ദർശനത്തിനിടെ മുതിർന്ന സർക്കാർ വൃത്തങ്ങളുമായി ബെസോസ് കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ട്. ബെസോസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയടക്കം പല പ്രമുഖരെയും കാണാന്‍ താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്. ആരെല്ലാം അദ്ദേഹത്തെ കാണാന്‍ അനുവദിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ല.