ആമസോണിന്‍റെ ഉള്ളില്‍ നിന്നും തന്നെ ലഭിച്ച ആയിരക്കണക്കിന് പേജ് രേഖകളാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റോയിട്ടേര്‍സ് പഠിച്ചത്. 

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിനെതിരെ (Amazon) ഗുരുതരമായ ആരോപണം. ആമസോണ്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാനായി തങ്ങളുടെ സെര്‍ച്ച് റിസല്‍ട്ടില്‍ അടക്കം കൃത്രിമം (malpractices) കാണിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. ആമസോണിനുള്ളില്‍ നിന്ന് തന്നെ ലഭിച്ച രേഖകള്‍ പ്രകാരമാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേര്‍സ് (Reuters) പുറത്തുവിട്ടിരിക്കുന്നത്. 

ആമസോണിന്‍റെ ഉള്ളില്‍ നിന്നും തന്നെ ലഭിച്ച ആയിരക്കണക്കിന് പേജ് രേഖകളാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റോയിട്ടേര്‍സ് പഠിച്ചത്. ഇത് പ്രകാരം ആമസോണ്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലെ സെര്‍ച്ച് റിസല്‍ട്ടുകള്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി മാറ്റി മറിക്കുന്നുണ്ട്. തങ്ങളുടെ ഏറ്റവും വളരുന്ന വിപണിയായ ഇന്ത്യയിലാണ് ആമസോണ്‍ ഇത് ചെയ്യുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

ബുധനാഴ്ചയാണ് ടെക് ലോകത്തെ ഞെട്ടിച്ച ഈ റിപ്പോര്‍ട്ട് റോയിട്ടേര്‍സ് പുറത്തുവിട്ടത്. സെര്‍ച്ച് റിസല്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നതിന് പുറമേ വില്‍പ്പന കൂടിയ ഉത്പന്നങ്ങളുടെ കോപ്പികള്‍ ഉണ്ടാക്കാനും ആമസോണ്‍ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആമസോണ്‍ നേതൃത്വത്തിലെ മുതിര്‍‍ന്ന രണ്ട് എക്സ്ക്യൂട്ടീവുമാര്‍ ഈ കൃത്രിമങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് കുത്തകയായി മാറാനുള്ള ആമസോണിന്‍റെ ശ്രമങ്ങളാണ് ഇതെന്ന് ഭയക്കുന്നു. ചെറുകിട വ്യാപരങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ക്കുന്ന രീതിയില്‍ ആമസോണ്‍ കൃത്രിമം കാണിക്കുന്നു. അതിനാല്‍ തന്നെ ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു- റോയിട്ടേര്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച യുഎസ് സെനറ്റര്‍ എലിസബത്ത് ബാറണ്‍ പ്രതികരിച്ചു. വളരെക്കാലമായി ആമസോണിന്‍റെ ശക്തയായ വിമര്‍ശകയാണ് ഇവര്‍.

Scroll to load tweet…

അതേ സമയം ഇന്ത്യയിലെ ചെറുകിട വ്യാപാരികളുടെ സംഘടനകള്‍ ആമസോണിനെതിരെ അന്വേഷണം നടത്തണം എന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ആമസോണ്‍ ഏറ്റവും വലിയ വിനാശമാണ് ഉണ്ടാക്കുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് അവകാശപ്പെട്ടതും അവര്‍ തിന്നുകയാണ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍‍ ഇന്ത്യ ട്രേഡേര്‍സ് നേതാവ് പ്രവീണ്‍ കണ്ഡേവാള്‍ റോയിട്ടേര്‍സിനോട് പറഞ്ഞു. 

എന്നാല്‍ റോയിട്ടേര്‍സ് റിപ്പോര്‍ട്ടിനെതിരെ ആമസോണ്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അതേ സമയം നേരത്തെ വിവിധ കേസുകളില്‍ ആമസോണ്‍ നിഷേധിച്ച കാര്യങ്ങളാണ് അവരുടെ രേഖകള്‍ വച്ച് തന്നെ റോയിട്ടേര്‍സ് പുറത്തുവിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.