ദില്ലി: രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവര്‍ നടത്തുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ഓഫര്‍ സെയില്‍ ഈ ആഴ്ച അവസാനം ആരംഭിക്കുകയാണ്. ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും, ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേസും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമാണ്. സെപ്തംബര്‍ 29-ഒക്ടോബര്‍ 4. ഒരു കൂട്ടം ഓഫറുകളാണ് ഈ ദിനങ്ങളില്‍ ഷോപ്പിംഗ് ഭീമന്മാര്‍ ഒരുക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, ടിവി,ഹെഡ്ഫോണ്‍ എന്നിവയ്ക്ക് വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്തംബര്‍ 28 സെയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വേണ്ടി ആരംഭിക്കും. ബാക്കിയുള്ളവര്‍ക്ക് ഇത് ആരംഭിക്കുന്നത് സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡിനാല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്ക്കൗണ്ട് എല്ലാ സാധനത്തിനും ലഭിക്കും. 

പുതിയ പ്രോഡക്ടുകളും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി എത്തും. വണ്‍പ്ലസ്, വിവോ, ലെനോവ, ആമസോണ്‍ ബെസിക്സ്, സാംസങ്ങ് എന്നീ കമ്പനികള്‍ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കും.  സ്മാർട്ഫോണുകളിൽ വൺപ്ലസ് 7, സാംസങ് ഗ്യാലക്സി M30 എന്നിവയ്ക്കാണ് മികച്ച ഓഫർ.  വൺപ്ലസ് 7 പ്രോ, ആപ്പിൾ ഐഫോൺ XR, സാംസങ് ഗ്യാലക്സി നോട്ട് 9 എന്നീ ഫോണുകൾക്കും വിലക്കിഴിവുണ്ട്. 

എന്നാൽ വിലക്കിഴിവ് എത്രയാണെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി 7 നും വിലക്കിഴിവുണ്ടാകും. കഴിഞ്ഞ വർഷമാണ് ആപ്പിൾ ഐഫോൺ XR  കമ്പനി അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി നോട്ട് 9 2018 ൽ 67,900 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയത്. 128 ജിബി സ്റ്റോറേജ് മോഡലാണിത്. പിന്നിൽ ഇരട്ട ക്യാമറയുണ്ട്.

4,000 എംഎഎച്ചാണ് ബാറ്ററി. ഓരോ ബ്രാൻഡുകൾക്കും നൽകുന്ന വിലക്കിഴിവ് എത്രയാണെന്ന് വെവ്വേറെ ദിവസങ്ങളിലാണ് ആമസോൺ അറിയിക്കുന്നത്. ഒപ്പോ, വിവോ, സാംസങ് ഫോണുകളുടെ ഓഫർ സെപ്റ്റംബർ 25 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. വാവെ, വൺപ്ലസ് 7 സീരീസ് അടക്കമുളളവയുടേത് വ്യാപാരം തുടങ്ങുന്നതിന് മുന്‍പ് പ്രഖ്യാപിച്ചേക്കും.

ഇലക്ട്രോണിക്ക് ഉത്പന്നങ്ങളുടെ മാത്രം ഡീല്‍ എന്ന നിലയില്‍ 6000 ഡീലുകള്‍ ആമസോണ്‍ അവതരിപ്പിക്കും എന്നാണ് സൂചന. ആമസോണിന്‍റെ സ്വന്തം ഉത്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയായിരിക്കും ഈ വ്യാപാരസമയത്ത് ലഭിക്കുക. ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക്, ഇക്കോ സ്മാര്‍ട്ട് സ്പീക്കര്‍, കിന്‍റില്‍ ഇ-റീഡര്‍ എന്നിവയ്ക്ക് എല്ലാം വിലക്കിഴിവ് ലഭിക്കും.

ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് തന്നെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സ് അവതരിപ്പിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് സെപ്തംബര്‍ 28 വൈകീട്ട് 8 മണി മുതല്‍ ഡീലുകള്‍ ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് ഓഫര്‍ സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതല്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിവിധ ഘട്ടങ്ങളായാണ് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകള്‍ നല്‍കുന്നത്. ആദ്യ ദിവസം ടിവി, വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് വെയറബിള്‍സ് എന്നിവയ്ക്കാണ് ഓഫര്‍. സെപ്തംബര്‍ 30 മുതലാണ് സ്മാര്‍ട്ട്ഫോണുകളുടെ ഓഫര്‍. ആക്സിസ് ബാങ്ക് കാര്‍ഡ് ഉള്ളവര്‍ക്കും, ഐസിഐസി ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും എല്ലാ പര്‍ച്ചേസിനും 10 ശതമാനം ഓഫര്‍ ലഭിക്കും.

പ്രധാനപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍ക്ക് എല്ലാം ഫ്ലിപ്പ്കാര്‍ട്ട് ഈ ദിവസങ്ങളില്‍ വിലക്കുറവ് നല്‍കും. റിയല്‍ മീ, ഷവോമി, വിവോ, മോട്ടോറോള, ഓപ്പോ, സാംസങ്ങ് ഫോണുകള്‍ക്ക് വിലക്കുറവ് ഫ്ലിപ്പ്കാര്‍ട്ട് നല്‍കും. ഇഎംഐ ഓഫറുകളും പുതിയ ലോഞ്ചുകളും പ്രതീക്ഷിക്കാം. പ്രത്യേക സമയങ്ങളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങളും വലിയ ഡിസ്ക്കൗണ്ടും ലഭിച്ചേക്കും.