'ശ്രീറാം മന്ദിര്‍ അയോധ്യ പ്രസാദ്' എന്ന പേരിലാണ് മധുര പലഹാരങ്ങള്‍ ആമസോണിലൂടെ വില്‍പ്പന നടത്തിയിരുന്നത്.

ദില്ലി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് പേരില്‍ മധുര പലഹാരങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തിലെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ പ്രതികരിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസിന് പിന്നാലെ അയോധ്യ പ്രസാദമെന്ന പേരില്‍ വില്‍പ്പനയ്ക്ക് വച്ച പലഹാരത്തിന്റെ വില്‍പ്പന ഓപ്ഷനുകള്‍ നീക്കം ചെയ്തതായി ആമസോണ്‍ അറിയിച്ചു. ചില വില്‍പ്പനക്കാരുടെ തെറ്റിധരിപ്പിക്കുന്ന പേരിലുള്ള ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ഇത്തരം കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ആമസോണ്‍ വക്താവിന്റെ പ്രതികരണം.

'ശ്രീറാം മന്ദിര്‍ അയോധ്യ പ്രസാദ്' എന്ന പേരിലാണ് മധുര പലഹാരങ്ങള്‍ ആമസോണിലൂടെ വില്‍പ്പന നടത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിസിപിഎ ആമസോണിന് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പരാജയപ്പെട്ടാല്‍, 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് നടപടി നേരിടേണ്ടി വരുമെന്നും ആമസോണിന് സിസിപിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്താണ് ഉത്പന്നം എന്നതിനെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് തെറ്റായ വിവരണം നല്‍കുന്ന ഇത്തരം രീതികള്‍ ഒഴിവാക്കണം. കൃത്യതയില്ലാത്ത വിവരണം തെറ്റായ ഉത്പന്നം വാങ്ങാന്‍ ഇടയാക്കുമെന്നും സിസിപിഎ അറിയിച്ചു.

ബിഹാരി ബ്രദേഴ്‌സ് എന്ന പേരിലുള്ള സെല്ലറാണ് 'ശ്രീറാം മന്ദിര്‍ അയോധ്യ പ്രസാദ്' എന്ന പേരില്‍ മധുര പലഹാരങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ 'ശ്രീ റാം മന്ദിര്‍ അയോധ്യ പ്രസാദ് - രഘുപതി നെയ്യ് ലഡൂ, അയോധ്യ രാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡൂ, രാം മന്ദിര്‍ അയോധ്യ പ്രസാദ് - ദേശി കൗ മില്‍ക്ക് പേഡ എന്നിവയും ഉള്‍പ്പെട്ടിരുന്നു. 

യുവതിയുടെ ആത്മഹത്യ: ഭര്‍തൃപിതാവ് ഉപദ്രവിക്കുന്ന വിവരം ഭര്‍ത്താവിന് അറിയാമായിരുന്നുവെന്ന് ബന്ധു

YouTube video player