ന്യൂയോര്‍ക്ക്: ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുത്തു. ഇന്‍റര്‍നനെറ്റ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള മേധാവിത്വം എതിരാളികള്‍ക്കും, ഉപയോക്താക്കള്‍ക്കും ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്തു എന്നതാണ് കേസിന് ആധാരം. ആല്‍ഫബെറ്റിന് കീഴിലുള്ള ഗൂഗിള്‍ നേരിടുന്ന ആദ്യത്തെ ആന്‍റി ട്രസ്റ്റ് കേസാണ് ഇത്.

യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ്, അമേരിക്കന്‍ കോണ്‍ഗ്രസ്, യുഎസ് സ്റ്റേറ്റ് അറ്റോര്‍ണിമാര്‍, ഫെഡറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടത്തിയ ആന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഇപ്പോള്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഗൂഗിളിന്‍റെ ഓണ്‍ലൈന്‍ പരസ്യലോകത്തെ പെരുമാറ്റം അടക്കം ഈ അന്വേഷണത്തിന്‍റെ ഭാഗമായി എന്നാണ് റിപ്പോര്‍ട്ട്. 

ഗൂഗിളിന് എതിരായി ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടി ഗൂഗിളില്‍ മാത്രം ഒതുങ്ങില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇത് ഇന്നത്തെ ടെക് ഭീമന്മാര്‍ക്കെതിരെ വരാന്‍ ഇരിക്കുന്ന നടപടികളുടെ തുടക്കമാകാം എന്നാണ് വിലയിരുത്തല്‍. അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ആണ് ഈ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 11 സംസ്ഥാനങ്ങള്‍ ഈ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എല്ലാം ഗൂഗിള്‍ നിഷേധിക്കുകയാണ്. തങ്ങള്‍ എതിരാളികള്‍ക്ക് തടസമാകുന്നില്ല. എതിരാളികള്‍ ഇന്‍റര്‍നെറ്റില്‍ ഒരു ക്ലിക്കില്‍ തന്നെ ലഭിക്കുമല്ലോ എന്നാണ് ഗൂഗിള്‍ ചോദിക്കുന്നത്. 

ഈ കേസില്‍ ഗൂഗിളും അമേരിക്കന്‍ നീതിന്യായ വിഭാഗവും തമ്മില്‍ ധാരണയുണ്ടാക്കിയേക്കാം. അതിനുള്ള സാധ്യതകള്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയിലുണ്ട്. അതേ സമയം അത്തരം ഒരു ധാരണയില്‍ എത്തിയില്ലെങ്കില്‍ ഇത് കോടതിയില്‍ വ്യവഹാരമായി വളരെക്കാലം നീളും. എങ്കിലും ഗൂഗിളിന് മുകളിലുള്ള നിരീക്ഷണക്കണ്ണുകള്‍ അടുത്തകാലത്തൊന്നും നീങ്ങില്ല എന്ന് വ്യക്തം.