ന്യൂയോര്‍ക്ക്: ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കമാണ് കോടതി സ്റ്റേ ചെയ്തത്. അമേരിക്കയുടെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ടിക്‌ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നതാണ്  പെന്‍സില്‍വേനിയയിലെ ജില്ലാ കോടതി തടഞ്ഞത്. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം  നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന ടിക്ടോക്ക് നിരോധനമാണ് ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടത്.

പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്‌ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്നാണ് കോടതി നിരീക്ഷഷണം. ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. 

ആപ്പ് ഉപയോക്താക്കളാണ് നിരോധ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്‌ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്‌ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്‌പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിച്ചു. 

കോടതി വിധിയേക്കുറിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം പറയുന്നത് ടിക്‌ടോക് രാജ്യത്തിന് ഒരു സുരക്ഷാ ഭീഷണിയാണെന്നാണ്. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാന്‍സിന്റെ അധീനതിയിലുള്ള ആപ്പാണ് ഷോർട് വിഡിയോ പങ്കുവയ്ക്കുന്ന ടിക്‌ടോക്.