ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന് ആഗോളതലത്തിലും അത്ര ശുഭകരമായ വാര്‍ത്തകള്‍ അല്ല ലഭിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ടിക്ടോക്കിന് ആഗോള നിരോധനം ഏര്‍പ്പെടുത്തണം എന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വര്‍ദ്ധിക്കുകയാണ്. പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പ് അനോണിമസ് ടിക്ടോക്കിനെതിരെ രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. ടിക്ടോക്ക് ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാര വൃത്തി നടത്തുന്നു എന്നാണ് അനോണിമസിന്‍റെ ആരോപണം.

ഇന്ത്യയില്‍ നിരോധനം ലഭിക്കുന്നതിന് മുന്‍പുള്ള ദിവസമാണ് ആപ്പിള്‍ ഐഫോണിലെ ക്ലിപ്പ്ബോര്‍ഡ് വിവരങ്ങള്‍ ടിക്ടോക്ക് ഉപയോക്താവ് അറിയാതെ മനസിലാക്കുന്നു എന്ന കാര്യം വെളിവായത്. ഐഒഎസ് 14 ബീറ്റ അപ്ഡേഷനിലൂടെയാണ് ഈ കാര്യം ലോകം അറിഞ്ഞത്. മാര്‍ച്ചില്‍ തന്നെ ഇത് സംബന്ധിച്ച് ചില സ്വതന്ത്ര്യ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ഇത് സമ്മതിച്ച ടിക്ടോക്ക് ഏപ്രിലില്‍ ഈ പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെട്ടു. എന്നാല്‍ ഈ രഹസ്യമായ ചോര്‍ത്തല്‍ ഇപ്പോഴും തുടരുന്നു എന്നാണ് പുതുതായ കണ്ടെത്തല്‍.

അനോണിമസിന്‍റെ പുതിയ ആരോപണ പ്രകാരം സ്വകാര്യത, സുരക്ഷ തലത്തില്‍ ടിക്ടോക്ക് വലിയ വിവര ശേഖരണവും അത് വഴി വിവിധ രാജ്യങ്ങളിലെ യുവാക്കള്‍ക്കിടയിലും മറ്റുമുള്ള വാണിജ്യ, രാഷ്ട്രീയ, വ്യാപാര താല്‍പ്പര്യങ്ങള്‍ മനസിലാക്കി അത് ചൈനീസ് സര്‍ക്കാറിന് കൈമാറുന്നു എന്ന് ആരോപിക്കുന്നു. ഏത്രയും വേഗം ഈ ചൈനീസ് ചാര ആപ്പ് ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത് എന്നതാണ് അനോണിമസിന്‍റെ അഭിപ്രായമായി പുറത്ത് വരുന്നത്.

അതേ സമയം ഡിജിറ്റല്‍ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാറിന്‍റെ 59 ചൈനീസ് ആപ്പ് നിരോധനം സാമ്പത്തികമായി ചൈനയ്ക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നേരിട്ട തിരിച്ചടി നിരോധിത ആപ്പുകളില്‍ ജനപ്രിയമായമായ ടിക്ടോക്ക് ഹെലോ ആപ്ലിക്കേഷന്റെയും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന് 600 കോടി ഡോളർ ( ഏകദേശം 45,000 കോടി രൂപ) വരെ നഷ്ടം സംഭവിച്ചെന്നാണ് അറിയുന്നത്. ചൈനയുടെ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്.

ടിക് ടോക്ക്, ഷെയർ ഇറ്റ്, യുസി ബ്രൗസർ, ബൈഡു മാപ്പ്, ഹെലോ, മി കമ്മ്യൂണിറ്റി, ക്ലബ് ഫാക്ടറി, വിചാറ്റ്, യുസി ന്യൂസ് എന്നിവയുൾപ്പെടെ ചൈന ലിങ്കുകളുള്ള 59 ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാര്‍ തിങ്കളാഴ്ചയാണ് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ എന്നിവ കണക്കിലെടുത്തായിരുന്നു നിരോധനം.