ന്യൂയോര്‍ക്ക്: ഇന്‍റെല്ലിന്‍റെ സ്മാര്‍ട്ട്ഫോണ്‍ മോഡം ബിസിനസ് 6886 കോടി രൂപയ്ക്ക് ഏറ്റെടുത്ത് ആപ്പിള്‍. തങ്ങളുടെ 5ജിപദ്ധതികള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്പിള്‍ ഇത്തരം ഒരു നീക്കം നടത്തിയത്. ഇതോടെ ഇന്‍റെലിന്‍റെ 2,200 ജോലിക്കാര്‍ ഇനി ആപ്പിളില്‍ ജോലി ചെയ്യും. ഇതോടൊപ്പം ഇന്‍റെലിന്‍റെ 17,000ത്തോളം വയര്‍ലെസ് ടെക്നോളജി പേറ്റന്‍റുകള്‍ ആപ്പിളിന് സ്വന്തമാകും.

ഇന്‍റെലിന്‍റെ മൊബൈല്‍ ചിപ്പ് യൂണിറ്റിന്‍റെ ബൗദ്ധിക, ഭൗതിക സ്വത്തുക്കളും, വാടക കരാറുകളും ഈ കരാറിലൂടെ ആപ്പിളിന്‍റെ ഭാഗമാകും. ഈ കരാറിലൂടെ ആപ്പിളിന് ലഭിക്കുന്ന പേറ്റന്‍റുകളില്‍ സെല്ലുലാര്‍ പ്രോട്ടോക്കോള്‍ സ്റ്റാന്‍റേര്‍ഡ് മുതല്‍ മോഡം രൂപകല്‍പ്പന വരെ അടങ്ങുന്നു. അതേ സമയം ഇന്‍റെല്‍ തുടര്‍ന്നും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്കും, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവയ്ക്ക് വേണ്ടിയുള്ള ചിപ്പുകള്‍ നിര്‍മ്മിക്കും. ഓട്ടനോമസ് വാഹനങ്ങളുടെ സാങ്കേതികതയിലും ഇന്‍റെല്‍ തുടരും.