ഈ മാസം ആദ്യം ആപ്പിള്‍ തന്നെ വംശീയ അസമത്വം അവസാനിപ്പിക്കാന്‍ ലിസ ജാക്സന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജസ്റ്റിസ് ഇനിഷേറ്റീവില്‍ 100 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. 

സന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ പൊലീസിനാല്‍ കൊല്ലപ്പെട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണം ഏറെ പ്രക്ഷോഭങ്ങളാണ് അമേരിക്കയില്‍ ഉയര്‍ത്തി വിട്ടത്. ഇതിനെ തുടര്‍ന്ന് വംശീയത സംബന്ധിച്ച ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി ആപ്പിള്‍. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് കഴിഞ്ഞ ദിവസം ആരംഭിച്ച വേള്‍ഡ് വൈഡ് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ് (WWDC2020) ഉദ്ഘാടന വേദിയില്‍ ഇത് പ്രഖ്യാപിച്ചത്.

ഇത്തവണ കൊറോണ മുന്‍കരുതല്‍ ഉള്ളതിനാല്‍ വെര്‍ച്വലയാണ് തങ്ങളുടെ ഒരു വര്‍ഷത്തെ ഏറ്റവും വലിയ ടെക് മീറ്റ് ആപ്പിള്‍ തുടങ്ങിയത്. ഇതിന്‍റെ തുടക്കത്തിലാണ് അമേരിക്കയില്‍ അടുത്തിടെ ഉയര്‍ന്നുവന്ന വംശീയ പ്രശ്നങ്ങളെക്കുറിച്ച് കുക്ക് സംസാരിച്ചത്. 

അമേരിക്കയില്‍ വ്യാപകമായ വംശീയതയ്ക്കും, നിറത്തിന്‍റെ പേരിലുള്ള പാര്‍ശ്വവത്കരണത്തിനെതിരെയും സംസാരിച്ച കുക്ക്, ഇത്തരം വിഷയങ്ങള്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ തത്വദീക്ഷയില്ലാത്ത കൊലപാതകത്തിന് ശേഷം നമ്മുടെ ബ്ലാക്ക്, ബ്രൌണ്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയാകുന്നു എന്ന് കൂട്ടിച്ചേര്‍ത്തു. 

ഒരുമാസത്തോളമായി അമേരിക്കയില്‍ നടക്കുന്ന ബ്ലാക്ക് ലീവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍ എല്ലാവരോടും വളരെക്കാലമായി നടക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ അസമത്വവും സാമൂഹ്യ അസമത്വവും സംബന്ധിച്ച് ചിന്തിക്കാന്‍ പ്രാപ്തരാക്കുകയാണ്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തിന് ശേഷം വംശീയ അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ റീഡീറ്റ്,ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ കമ്പനികള്‍ക്കൊപ്പം ആപ്പിളും പങ്കാളിയാകും എന്നാണ് കുക്ക് അറിയിക്കുന്നത്.

നേരത്തെ തന്നെ വന്‍കിട ടെക് കമ്പനികള്‍ വംശീയ വിവേചനം തടയാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. റീഡിറ്റ് മേധാവിയായിരുന്ന അലക്സിസ് ഹാനിയന്‍ തന്‍റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം ഒരു കറുത്ത വര്‍ഗ്ഗക്കാരമായി മാറി നല്‍കിയിരുന്നു. ഇത്തരത്തില്‍ കറുത്ത വംശജര്‍ നയിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ അവസരവും സാമ്പത്തിക സഹായവും ടെക് കമ്പനികള്‍ നല്‍കാനുള്ള പദ്ധതികളും നടന്നു വരുന്നുണ്ട്.

ഈ മാസം ആദ്യം ആപ്പിള്‍ തന്നെ വംശീയ അസമത്വം അവസാനിപ്പിക്കാന്‍ ലിസ ജാക്സന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജസ്റ്റിസ് ഇനിഷേറ്റീവില്‍ 100 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. 

ലോകം ഒരു മികച്ച നിലയില്‍ എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതിന്‍റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞബദ്ധരാണ്. എല്ലാവര്‍ക്കും സ്വതന്ത്ര്യവും അവസരങ്ങളും എന്ന തത്വത്തിലാണ് അമേരിക്ക സ്ഥാപകമായത്. എന്നാല്‍ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് വളരെക്കാലമായി ഈ ആശയങ്ങളില്‍ ജീവിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കണം-ടിം കുക്ക് പറഞ്ഞു.