Asianet News MalayalamAsianet News Malayalam

ഐഒഎസ് 14 ന്‍റെ ആദ്യ പബ്ലിക് ബീറ്റ പുറത്തിറക്കി; പ്രത്യേകതകള്‍ ഇങ്ങനെ

സാധാരണ സെപ്റ്റംബറില്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കാനിടയില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പബ്ലിക് ബീറ്റ പതിപ്പിലൂടെ ശരാശരി ഉപയോക്താവിന് ഇത് പരീക്ഷിക്കാനും ബഗുകള്‍ക്കായി തിരയാനും ആപ്പിളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അനുവദിക്കുന്നു.

Apple releases iOS 14 public beta for users to test ahead of the official fall launch
Author
Apple Valley, First Published Jul 13, 2020, 2:11 PM IST

ലണ്ടന്‍: ആപ്പിള്‍ അതിന്‍റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 14 ന്‍റെ ആദ്യ പബ്ലിക് ബീറ്റ പുറത്തിറക്കി. ഒര്‍ജിനല്‍ വേര്‍ഷന്‍ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് ഇപ്പോള്‍ ഇത് ഉപയോക്താക്കളെ പുതിയ ഫീച്ചറുകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാന്‍ നല്‍കുന്നത്. ഒട്ടനവധി പ്രത്യേകതകളോടെയാണ് ഈ പുതിയ വേര്‍ഷന്‍ ആപ്പിള്‍ പുറത്തിറക്കുന്നത്. ഓരോ ഗാഡ്ജറ്റിലും വ്യത്യസ്തമായ അനുഭവം നല്‍കുന്ന ഡെഡിക്കേറ്റഡ് ഇന്റര്‍ഫേസില്‍ എന്തെങ്കിലും ബഗുകളോ അനുബന്ധ പ്രശ്‌നങ്ങളോ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യാനും ഇപ്പോള്‍ ബീറ്റ വേര്‍ഷനിലൂടെ ആപ്പിള്‍ ശ്രമിക്കുന്നു. ഇങ്ങനെ തിരിച്ചറിയപ്പെടുന്ന കുറ്റവും കുറവുകളും പരിശോധിച്ച് മെച്ചപ്പെട്ട വിധത്തിലാവും പുതുക്കിയ പതിപ്പിനെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലെത്തിക്കുക. സെപ്തംബറിലായിരിക്കും ഇതിന്റെ ഔദ്യോഗിക ലോഞ്ചിങ്.

പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഡൗണ്‍ലോഡുചെയ്യുമ്പോള്‍ ആദ്യം തന്നെ ഒരു പുതിയ സിരി ഇന്റര്‍ഫേസിനൊപ്പം പുനര്‍രൂപകല്‍പ്പന ചെയ്ത ഹോം സ്‌ക്രീന്‍, വിജറ്റ് ഗാലറി, ആപ്പ് ക്ലിപ്പുകള്‍ എന്നിവയുടെ മികച്ച രൂപമാണ് ഉപയോക്താവിനു ലഭിക്കുന്നത്. ശബ്ദത്തിലൂടെ നിയന്ത്രിക്കുന്ന സീരി ഇന്റര്‍ഫേസിന്റെ മായികലോകം ഉപയോക്താവിനു സമ്മാനിക്കുന്നുവെന്നതാണ് പുതിയ വേര്‍ഷന്‍റെ പ്രത്യേകത. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പൂര്‍ണമായും പഴയ വേര്‍ഷനിലുണ്ടായിരുന്നതു പലതും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ തേയ്ച്ചു മായ്ച്ച് കളയും. പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുന്നേ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഫോണില്‍ സംഭരിച്ചിരിക്കുന്ന എല്ലാം നിങ്ങള്‍ക്ക് വീണ്ടെടുക്കാനാകും. 

സാധാരണ സെപ്റ്റംബറില്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കാനിടയില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പബ്ലിക് ബീറ്റ പതിപ്പിലൂടെ ശരാശരി ഉപയോക്താവിന് ഇത് പരീക്ഷിക്കാനും ബഗുകള്‍ക്കായി തിരയാനും ആപ്പിളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അനുവദിക്കുന്നു. ഇത് ജനങ്ങളിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് അവ പരിഹരിക്കും. ബീറ്റ പതിപ്പിനോടു താത്പര്യമില്ലെങ്കില്‍ ഇന്‍സ്റ്റലേഷനിനു ശേഷം പഴയ വേര്‍ഷനിലേക്ക് റീസ്റ്റോര്‍ ചെയ്യാനും ഉപയോക്താക്കള്‍ക്കു കഴിയും. പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ ഐഫോണ്‍, ഐപാഡ് എന്നിവ കമ്പ്യൂട്ടറിലെ ഐട്യൂണ്‍സുമായി കണക്ട് ചെയ്യേണ്ടതുണ്ട്. പിക്ചറുകള്‍, വീഡിയോകള്‍, ടെക്‌സ്റ്റ് മെസേജ്, ഫോണ്‍നമ്പറുകള്‍ തുടങ്ങി നിങ്ങള്‍ ശേഖരിച്ചിരിക്കുന്ന എല്ലാത്തിന്റെയും ബാക്കപ്പ് എടുത്തതിനു ശേഷമാണ് പുതിയ ഒഎസ് അപ്‌ഡേറ്റാവുക. റീഡിസൈന്‍ ചെയ്ത ഹോം സ്‌ക്രീനിലേക്കാണ് ആദ്യം നിങ്ങളെ സ്വാഗതം ചെയ്യുക. തുടര്‍ന്ന് ആപ്പ് ലൈബ്രറികളുടെ വലിയൊരു നിര കാണാം. ആവശ്യമുള്ള ആപ്പുകള്‍ ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. ബഗുകളിലൂടെ കടന്നുപോകുന്നവര്‍ക്ക്, അനന്തമായ പേജുകളിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ അവര്‍ക്കു താത്പര്യമുള്ള ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണിത്. അപ്ലിക്കേഷന്‍ ലൈബ്രറി ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത ഹോം സ്‌ക്രീന്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്നത് പുതിയൊരു അനുഭവമാകും.

അപ്ലിക്കേഷനുകള്‍ ഗ്രൂപ്പുചെയ്യുന്ന ഫീച്ചറുകളിലൂടെ ഓട്ടോമാറ്റിക്കായി അപ്ലിക്കേഷനുകള്‍ ഓര്‍ഗനൈസ് ചെയ്യപ്പെടും. കൂടാതെ, ആപ്പുകളെ മെയിന്‍ ഹോം സ്‌ക്രീനില്‍ മറയ്ക്കാനും ഇത് അനുവദിക്കുന്നു. ഹോം സ്‌ക്രീനില്‍ വിഡ്ജറ്റുകള്‍ ദൃശ്യമാകും, കൂടാതെ ആപ്പിള്‍ ഒരു സിസ്റ്റം വൈഡ് പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ വീഡിയോകള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നു. ഈ ഫീച്ചര്‍ മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോഴും വീഡിയോകളെ സൂപ്പര്‍പോസ് ചെയ്യും, അതുവഴി ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് ചെയ്യുമ്പോഴോ മറ്റ് ജോലികള്‍ ചെയ്യുമ്പോഴോ തുടര്‍ന്നും വീഡിയോ തുടര്‍ന്നും കാണാനാകും.

പുതിയ വേര്‍ഷനില്‍ വോയ്‌സ് അസിസ്റ്റന്‍റ് സീരിയും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സീരി ഇന്റര്‍ഫേസ് ഉപയോഗിച്ച് സ്‌ക്രീന്‍ നിറയ്ക്കുന്നതിനുപകരം, ഒരു പുതിയ ഡിസൈന്‍ സ്‌ക്രീനിന്റെ ചുവടെ ഒരു ചെറിയ ബബിള്‍ ഓവര്‍ലേ ചെയ്യും, അത് സീരി പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നു. ഇതാദ്യമായി ശബ്ദ സന്ദേശങ്ങള്‍ അയയ്ക്കാനും സീരിക്ക് കഴിയും. ഉപയോക്താക്കള്‍ക്ക് സീരി നിലനിര്‍ത്തി കൊണ്ടു തന്നെ അതേ സ്‌ക്രീനില്‍ സന്ദേശങ്ങള്‍ എങ്ങനെ അയക്കണമെന്നു നിര്‍ദ്ദേശിക്കാനും കഴിയും.

Follow Us:
Download App:
  • android
  • ios