വാഷിംങ്ടണ്‍: കൊള്ളടയടിയും ആക്രമണവും നേരിട്ടതോടെ അമേരിക്കയിലെ പ്രധാന സ്റ്റോറുകള്‍ എല്ലാം പൂട്ടി ആപ്പിള്‍. ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ മറവിലാണ് ആപ്പിള്‍ സ്റ്റോറുകളില്‍ കൊള്ള നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് ആപ്പിള്‍ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ജീവനക്കാരുടെ സുരക്ഷയ്ക്ക് മുന്‍കരുതലെടുത്താണ് ഇത്തരം തീരുമാനം എന്ന് ആപ്പിള്‍ അറിയിച്ചു.

അമേരിക്കയിലെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആഴ്ചകളോളം അടഞ്ഞുകിടുന്ന ആപ്പിള്‍ സ്റ്റോറുകള്‍ അടുത്ത ദിവസങ്ങളിലാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആപ്പിളിന്‍റ അമേരിക്കയിലെ മൊത്തം 271 ആപ്പിള്‍ സ്റ്റോറുകളില്‍ 140 എണ്ണമാണ് കൊവിഡ് ലോക്ക്ഡൗണിന് ശേഷം തുറന്നത്. ഇവ കൂടി പുതിയ സാഹചര്യത്തില്‍ അടച്ചിടാനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നു. ആപ്പിളിന്‍റെ മിനിപോളീസിലെ സ്റ്റോറാണ് മെയ് 29ന് ആദ്യം ആക്രമിക്കപ്പെട്ടത്. ഇതിന്‍റെ ചിത്രങ്ങള്‍ ആപ്പിള് പുറത്തുവിട്ടിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പോര്‍ട്ട്ലാന്‍റ്, ഫിലാഡല്‍ഫിയ, ബ്രൂക്ക്ലിന്‍, സാള്‍ട്ട്ലൈക്ക്, ലോസ് അഞ്ചലസ്, വാഷിംങ്ടണ്‍ ഡിസി, സ്കോട്ട്ഡാലെ എന്നിവിടങ്ങിലെ സ്റ്റോറുകള്‍ എല്ലാം തന്നെ ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു എന്നാണ് വിവിധ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യക്തമാക്കുന്നത്. 

പുതിയ ആക്രമണത്തിന്‍റെ വെളിച്ചത്തില്‍ വില്‍പ്പന വസ്തുക്കള്‍ ആപ്പിള്‍ തങ്ങളുടെ സ്റ്റോറുകളില്‍ നിന്നും വലിയതോതില്‍ മാറ്റുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡിസ്പ്ലേയ്ക്ക് വച്ച് പ്രോഡക്ടുകള്‍ മോഷ്ടിച്ചവരെ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയും ആപ്പിള്‍ വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നു. ഡിസ്പ്ലേ പ്രോഡക്ടുകള്‍ പൂര്‍ണ്ണമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ആപ്പിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.