ടോക്കിയോ: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനക്കാരനായ അമേരിക്കന്‍ മുന്‍ സൈനികന്‍ ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു. എന്നാല്‍ ഈ ആത്മഹത്യയുടെ വീഡിയോ വൈറലായിട്ടും ഫേസ്ബുക്ക് നടപടികള്‍ ശക്തമല്ലെന്ന പരാതി വ്യാപകമാണ്. റോണി മാക്നട്ട് എന്ന 33 വയസുകാരനാണ് സ്വന്തം തലയിലേക്ക് വെടിവച്ച് ആത്മഹത്യ ചെയ്തത് എന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ഇറാഖില്‍ സേവനം ചെയ്ത വ്യക്തിയാണ്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഇയാളുടെ ആത്മഹത്യ വീഡിയോ ദിവസങ്ങളോളം ഫേസ്ബുക്കില്‍ കിടന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി. ന്യൂ അലബാമയിലെ ബ്ലൂ സ്പ്രിംഗ് ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

ജോലി നഷ്ടവും കാമുകി ഉപേക്ഷിച്ചതുമാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടെന്ന് ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ആത്മഹത്യ ചെയ്യുന്ന ലൈവ് വീഡിയോ ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് നീക്കം ചെയ്തെങ്കിലും ഇതിന്‍റെ കോപ്പികള്‍ പലരും പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരെ കാര്യമായ നടപടി സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഭാഗത്തുനിന്നും ഇല്ലെന്നും ന്യൂയോര്‍ക്കറിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയില്‍ വിവാദ കടലില്‍ നില്‍ക്കുന്ന  ടിക് ടോക്കിലും ഈ വീഡിയോ വൈറലായി ഓടുന്നുണ്ട്. പലര്‍‍ക്കും ടിക് ടോക് ഫോര്‍ യൂ സെക്ഷനില്‍ ഈ വീഡിയോ നിര്‍ദേശമായി ഈ വീഡിയോ കാണിക്കുന്നു എന്നും പരാതിയുണ്ട്. 

സോഷ്യല്‍ മീഡിയ ഫീഡുകളില്‍ റോണി മാക്നട്ടിന്‍റെ ആത്മഹത്യ പ്രത്യക്ഷപ്പെടുന്നതിനെതിരെ വലിയ ക്യാംപെയിനും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ കൂട്ടുകാരും മറ്റും ആരംഭിച്ച ഈ ക്യാംപെയിന്‍ പ്രകാരം. താടിയുള്ള ഒരു വ്യക്തിയുടെ വീഡിയോ നിങ്ങളുടെ ഫീഡില്‍ വന്നാല്‍ തുറക്കരുത് എന്ന് പറയുന്നു.