ദില്ലി: സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി പാകിസ്ഥാന്‍ അടക്കം ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ കവരാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഹണിട്രാപ്പ് ചെയ്താണ് പലപ്പോഴും വിവരം ചോര്‍ത്താന്‍ ശ്രമം നടക്കുന്നത്.  ഇപ്പോള്‍ ഇത് സംബന്ധിച്ച് നിര്‍ണായക തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എന്നാണ് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ അവരുടെ ഫെയ്സ്ബുക് അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കണമെന്നും വാട്സാപ്പുകള്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കരുതെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ഫെയ്സ്ബുക് പ്രൊഫൈലുകളില്‍ നിന്ന് സൈനികരെ മാത്രം ലക്ഷ്യമിട്ട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നുണ്ട്. ആര്‍മി സൈബര്‍ ഗ്രൂപ്പ് സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ വിശകലനം ചെയ്തതിന് ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം, സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിര്‍ദേശമാണ് രാജ്യത്തെ എല്ലാ നിര്‍ണ്ണായക സ്ഥാനത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്.

എല്ലാ ആസ്ഥാനങ്ങളിലും ഡിവിഷനുകളിലും ബ്രിഗേഡുകളിലും സെന്‍സിറ്റീവ് തസ്തികകളുള്ള ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ് ഒരു ദുര്‍ബലമായ മെസേജിങ് സംവിധാനമാണെന്നും ഇതിനാല്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഉപയോഗിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ ആസ്ഥാനമായുള്ള എന്‍എസ്ഒ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പെഗാസസ് എന്ന നിരീക്ഷണ സോഫ്‌റ്റ്വെയര്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്താന്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഈ പാശ്ചത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ്.

സൈന്യം നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ

1.  വാട്ട്സ്ആപ്പ് ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കരുത്

2. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഡീ ആക്ടീവ് ചെയ്യുക

3. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിക്കരുത്, ഇ-മെയില്‍ ഉപയോഗിക്കരുത്. ഫോണുകള്‍ കോളുകള്‍ക്കും എസ്എംഎസിനും വേണ്ടി മാത്രം ഉപയോഗിക്കുക

4. സോഷ്യല്‍ മീഡിയ പ്രൈവസിയോടെ ഉപയോഗിക്കുക, അനാവശ്യ കമന്‍റുകള്‍ പാടില്ല, നിങ്ങളുടെ വിവരങ്ങള്‍ ഏതെങ്കിലും ഓപ്പണ്‍ സോര്‍സ് ഇന്‍റലിജന്‍സില്‍ ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.

5. മെയില്‍ അക്കൗണ്ടുകള്‍ ഏതെങ്കിലും അപ്ലികേഷനുമായി കണക്ട് ചെയ്യാതിരിക്കുക.

അടുത്തിടെ സൈന്യം തങ്ങളുടെ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്‍റെ തോത് പരിശോധിച്ചതിന്‍റെ ഫലത്തില്‍ കൂടിയാണ് പുതിയ മുന്നറിയിപ്പ് എന്നാണ് സൂചന. ചില അഭിലഷണീയമാല്ലാത്ത സൂചനകള്‍ സൈനികരുടെ സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച് മുതര്‍ന്ന സൈനിക വൃത്തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് പറയുന്നത്. നേരത്തെ ജനുവരിയില്‍ തന്നെ ഇത് സംബന്ധിച്ച് സൈന്യം കണ്ടെത്തലുകള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്തവരെ കണ്ടെത്താന്‍ ജൂണില്‍ മറ്റൊരു ദൗത്യവും നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ നിര്‍ദേശങ്ങള്‍.