ദില്ലി: തൊഴിലാളി പ്രോവിഡന്‍ ഫണ്ടിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ശ്രമം. ഇപിഎഫ് അംഗങ്ങളുടെ അക്കൗണ്ടിലേക്ക് കൂടിയ പലിശ നിക്ഷേപിക്കാൻ ആരംഭിച്ചതോടെയാണ് ഓൺലൈൻ തട്ടിപ്പിന് കളം ഒരുങ്ങുന്നത്. വാട്ട്സ്ആപ്പ് സന്ദേശമായും എസ്എംഎസായും ’90 നും 2019 നും ഇടയ്ക്ക് അംഗങ്ങളായവർക്ക് 80,000 രൂപ വീതം നൽകുന്നു എന്ന വ്യാജ സന്ദേശത്തിലൂടെയാണു പണം തട്ടാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്

ഇപിഎഫ് വെബ്സൈറ്റിലേതിനു സമാനമായ ചിത്രങ്ങൾ നൽകിയാണു തട്ടിപ്പ്. http://socialdraw.top/epf എന്ന ലിങ്കിലൂടെ സൈറ്റിൽ കയറിയാൽ ഇപിഎഫ് വെബ്സൈറ്റിന്‍റെ മുകൾഭാഗത്തുള്ള ഗ്രാഫിക്സ് അതേപടി കാണാം. നിങ്ങൾ 18 വയസ്സായ ആളാണോ, 90 നും 2019നും ഇടയ്ക്ക് ജോലി ചെയ്തയാളാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ 80,000 രൂപ ലഭിക്കാൻ അർഹനാണ് എന്ന സന്ദേശം വരും. 

ഒട്ടേറെ വാട്സാപ് അക്കൗണ്ടുകളിലേക്ക് ഇതിനകം ഈ ലിങ്ക് എത്തിയതായി ഇപിഎഫ്ഒ വൃത്തങ്ങൾ പറഞ്ഞു. യുഎഎൻ നമ്പറോ ആധാ‍ർ, പാൻ വിവരങ്ങളോ ഫോണിലൂടെയോ മറ്റേതെങ്കിലും സൈറ്റുകളിലൂടെയോ നൽകരുതെന്ന് ഇപിഎഫ്ഒ മുന്നറിയിപ്പു നൽകുന്നു.