ഹോങ്കോങ്: ഏറ്റവും ജനപ്രീയമായ വിപിഎന്‍ സര്‍വീസുകള്‍ ഉപയോഗിച്ചവരുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. വിവിഎന്‍ സേവനങ്ങള്‍ ഉപയോഗിച്ചവരുടെ 1.2 ടെറാ ബൈറ്റ് വിവരങ്ങളാണ് ചോര്‍ന്നത്. അതേ സമയം വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ആരോപിക്കപ്പെടുന്ന വിപിഎന്‍ സേവനങ്ങളുടെ ആപ്പുകള്‍ ഇപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ആരോപണ വിധേയമായ സര്‍വീസുകളില്‍ ഒന്നുമാത്രമാണ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

യുഎഫ്ഒ വിപിഎന്‍ എന്ന വിപിഎന്‍ സര്‍വീസില്‍ നിന്നും മാത്രം 894 ജിബി ഡാറ്റ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കംപെയര്‍ ടെക് എന്ന സൈബര്‍ സെക്യുരിറ്റി സ്ഥാപനമാണ് ഈ സുരക്ഷ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. ചോര്‍ന്ന വിവരങ്ങളില്‍ അക്കൌണ്ട് പാസ് വേര്‍ഡ് വിവരങ്ങള്‍, വിപിഎന്‍ സെഷന്‍ സീക്രട്ട്, ടോക്കണ്‍സ്, വിപിഎന്‍ ക്ലൈന്‍റ്  ഐപി ആഡ്രസ്, സര്‍വര്‍ ഐപി ആഡ്രസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഹോങ്കോങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎഫ്ഒ വിപിഎന്‍ സര്‍വീസിന് മാത്രം 10 ലക്ഷത്തോളം ഉപയോക്താക്കളുണ്ട്.

ഏതാണ്ട് ഒരു ദിവസം 20 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ ഈ വിപിഎന്‍ സര്‍വീസ് ഉപയോഗിച്ച് നടക്കാറുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോഴത്തെ വിവര ചോര്‍ച്ച സംബന്ധിച്ച വാദങ്ങള്‍ യുഎഫ്ഒ വിപിഎന്‍ നിഷേധിച്ചിരിക്കുകയാണ്. ഞങ്ങളുടെ ട്രാഫിക്ക് കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ടെന്നും സംശയകരമായ കാര്യങ്ങള്‍ ഇതുവരെ കണ്ടെത്തിയില്ലെന്നുമാണ് യുഎഫ്ഒ വിപിഎന്‍ പറയുന്നത്.

നേരത്തെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഹോങ്കോങ് ആസ്ഥാനമാക്കിയുള്ള വിപിഎന്‍ സര്‍വീസുകളില്‍ എല്ലാം കൂടി 1.2 ടിബി ഡാറ്റ ചോര്‍ന്നിട്ടുണ്ട്. ഡാറ്റ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത വിപിഎന്‍ സര്‍വീസുകള്‍ ഇവയാണ് - ഫാസ്റ്റ് വിപിഎന്‍, ഫ്രീ വിപിഎന്‍, സൂപ്പര്‍ വിപിഎന്‍, ഫ്ലാഷ് വിപിഎന്‍, സെക്യൂര്‍ വിപിഎന്‍, റാബിറ്റ് വിപിഎന്‍. ഇത് സംബന്ധിച്ച് വിവരം നല്‍കിയത് വിപിഎന്‍ മെന്‍റര്‍ എന്ന ഏജന്‍സിയാണ്. ഈ വിപിഎന്‍ സര്‍വീസുകള്‍ എല്ലാം ഒരേ ഇലാസ്റ്റിക്ക് സെര്‍ച്ച് സെര്‍വറാണ് ഉപയോഗിക്കുന്നത് എന്നും പറയുന്നു. ഒപ്പം ഒരേ പേമെന്‍റ് റസീറ്റാണ് നല്‍കുന്നത്.

ഈ വിപിഎന്‍ സേവനങ്ങളില്‍ നിന്നും ചോര്‍ന്നത് വളരെ ഗൌരവമായ വിവരങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. വീട്ട് അഡ്രസ്, ബിറ്റ്കോയിന്‍ വിവരങ്ങള്‍, പേമെന്‍റ് വിവരങ്ങള്‍, ഇ-മെയില്‍ അഡ്രസ് പാസ്വേര്‍ഡ്, യൂസര്‍ നെയിം എന്നിങ്ങനെ പലതും ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്.