ദില്ലി: പലവ്യജ്ഞനങ്ങളുടെ ഇ-ഷോപ്പിംഗ് ഇടമായ ബിഗ് ബാസ്ക്കറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഏതാണ്ട് രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്നാണ് സൈബര്‍ സെക്യുരിറ്റി സ്ഥാപനം സൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് ബംഗലൂരു പൊലീസ് സൈബര്‍ സെല്ലില്‍ ബിഗ് ബാസ്ക്കറ്റ് അധികൃതര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

സൈബിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രണ്ടുകോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ 30 ലക്ഷം രൂപയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. രണ്ട് കോടി ബിഗ് ബാസ്ക്കറ്റ് ഉപയോക്താക്കളുടെ 15 ജിബി ഡാറ്റയാണ് ചോര്‍ന്നിരിക്കുന്നത്.

പേര്, ഇ-മെയില്‍ ഐഡി, പാസ്വേര്‍ഡുകള്‍, കോണ്‍ടാക്റ്റ് നമ്പര്‍, അഡ്രസ്, ഡേറ്റ് ഓഫ് ബര്‍ത്ത്, ലോക്കേഷന്‍, ഐപി അഡ്രസ്, ലോഗിന്‍ തുടങ്ങിയ കാര്യങ്ങള്‍ ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതേ സമയം സൈബിള്‍ പറയുന്ന പാസ്വേര്‍ഡ് വണ്‍ ടൈം പാസ്വേര്‍ഡാണ് എന്നാണ് കമ്പനിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

സംഭവത്തില്‍ കുറ്റക്കാരെ പുറത്ത് എത്തിക്കുന്ന രീതിയില്‍ അന്വേഷണം നടക്കുമെന്നും. ഇത്തരം സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ സൈബര്‍ സുരക്ഷ വൃത്തങ്ങളുമായി ആലോചിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബിഗ് ബാസ്ക്കറ്റ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.