സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനി സ്ഥാപകന്‍ എന്നാല്‍ താന്‍ പരാജയപ്പെട്ട ഒരു ദൗത്യത്തില്‍ സംഭവിച്ച പിഴവ് ഏറ്റുപറയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡെസ്ക്ടോപ്പ് ഒഎസ് നിര്‍മ്മാണ കമ്പനിയായിട്ടും മൊബൈല്‍ രംഗത്ത് മൈക്രോസോഫ്റ്റും വിന്‍ഡോസും നേരിട്ട പരാജയത്തെയാണ് ബില്‍ ഗേറ്റ്സ് സൂചിപ്പിക്കുന്നത്.

'വില്ലെജ് ഗ്ലോബല്‍' എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനിക്കു നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്സിന്‍റെ വെളിപ്പെടുത്തല്‍.  വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡിന് മുന്നില്‍ പരാജയപ്പെടാന്‍ കാരണമായ തെറ്റു വരുത്താതിരുന്നെങ്കില്‍ തങ്ങള്‍ ഇന്നു ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മൈക്രോസോഫ്റ്റ് തീര്‍ന്നേനെയെന്നും അദ്ദേഹം പറഞ്ഞു. 

ഞങ്ങള്‍ പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ വികസിപ്പിക്കുന്നതില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പനിയാണ്. മൊബൈല്‍ ഫോണിന്‍റെ പ്രിയം വളരുന്നത് ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ വിന്‍ഡോസ് മൊബൈല്‍ വികസിപ്പിച്ചു. ആപ്പിളിന്‍റെ അല്ലാത്ത ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമായി ഇറക്കുന്നത് ആന്‍ഡ്രോയിഡാണ്. ഈ മേഖലയിൽ മൈക്രോസോഫ്റ്റിനു ജയിക്കാവുന്ന കളിയാണ് ആന്‍ഡ്രോയിഡ് സ്വന്തമാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. 

ആളുകള്‍ ഗൗരവമുള്ള രീതിയില്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചേക്കാനുള്ള സാധ്യത കാണാതെ പോയതാണ് ഒരു കാര്യം, മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ഒരു പ്രധാനകാര്യമായി കാണാതെ ഞങ്ങളുടെ മികച്ച ആള്‍ക്കാരെ അതിലേക്ക് നിയോഗിക്കാനും തയ്യാറായില്ല ഇത് വലിയ വീഴ്ചയായി. ഇതോടെ ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മേധാവിത്വം നേടാനുള്ള അവസരം ഇല്ലാതായി- ബില്‍ഗേറ്റ്സ് പറയുന്നു.

മൊബൈല്‍ രംഗത്ത് മൈക്രോസോഫ്റ്റിന്‍റെ തകര്‍ച്ചയ്ക്ക് കാരണം എന്ന് പൊതുവില്‍ കുറ്റപ്പെടുത്തുന്ന മുന്‍ മേധാവി സ്റ്റീവ് ബ്ലാമര്‍ മാത്രമല്ല അതിന് ഉത്തരവാദി എന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. 2005 കാലഘട്ടത്തില്‍ ആന്‍ഡ്രോയ്ഡിന്‍റെ ദൗത്യവുമായി ഗൂഗിളും, അധികം വൈകാതെ സ്മാര്‍ട്ട്ഫോണുമായി ആപ്പിളും ഇറങ്ങിയപ്പോള്‍ മൊബൈല്‍ വിന്‍ഡോസിന്‍റെ കാര്യത്തില്‍ വലിയ താല്‍പ്പര്യം സ്റ്റീവ് ബ്ലാമര്‍ കാണിച്ചിരുന്നില്ല. എന്നാല്‍ അത് കമ്പനി നയത്തിന്‍റെ പേരിലാണ് എന്നാണ് ഇപ്പോള്‍ ബില്‍ഗേറ്റ്സിന്‍റെ വാക്കുകള്‍ വെളിവാക്കുന്നത്.

എന്നാല്‍ മൊബൈല്‍ രംഗത്ത് നേരിട്ട തിരിച്ചടിയില്‍ സങ്കടം ഉണ്ടെങ്കിലും ഇപ്പോള്‍ മൈക്രോസോഫ്റ്റിന്‍റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണ് മുന്‍ മേധാവി ബില്‍ ഗേറ്റ്സ്. മൈക്രോസോഫ്റ്റ് മേധാവിയും ഇന്ത്യന്‍ വംശജനുമായ സത്യ നടേല്ലയുടെ പ്രവര്‍ത്തനങ്ങളെ വളരെ പ്രശംസിക്കുന്നു ബില്‍ ഗേറ്റ്സ്.  ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ നടത്തിയ മുന്നേറ്റം മൈക്രോസോഫ്റ്റിന് പുതിയ സാധ്യത നല്‍കി. മൊബൈല്‍ ഒഎസ് രംഗത്ത് തെറ്റു വരുത്തിയിട്ടും തങ്ങളുടെ വിന്‍ഡോസും ഓഫിസുമൊക്കെ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നത് അത്ഭുതമാണെന്ന് ഗേറ്റ്സ് പറയുന്നു.