അംബാല: റഫാല്‍ വിമാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അംബാല വ്യോമ താവളത്തിന് ചുറ്റും മാലിന്യ നിക്ഷേപം നടത്തുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വ്യോമസേന ഹരിയാന സര്‍ക്കാറിനെ സമീപിച്ചു. ഇത് നിയന്തിക്കാത്തത് മൂലം പക്ഷികളുടെ സാന്ധ്രത കൂടുന്ന പ്രദേശത്തെ റഫാല്‍ വിമാനങ്ങളുടെ പറക്കലുകള്‍ക്ക് ഭീഷണിയാണ് എന്നാണ് വ്യോമസേന പറയുന്നത്. 

പ്രത്യേകിച്ച പക്ഷികള്‍ ആകാശത്തുവച്ച് വിമാനങ്ങളുമായി കൂട്ടിയിടിക്കുന്ന അവസ്ഥ, പുതുതായി ഇന്ത്യ സ്വന്തമാക്കി റഫാല്‍ വിമാനത്തിന് വലിയ കേടുപാട് ഉണ്ടാക്കിയേക്കും എന്നാണ് ഹരിയാ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍സ്പെക്ഷന്‍ ആന്‍റ് സെഫ്റ്റി ഓഫ് ഇന്ത്യന്‍ എയര്‍ഫോഴ്സ് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് വ്യക്തമാക്കുന്നത്.

ജൂലൈ 29ന് അംബാല വ്യോമ താവളത്തില്‍ എത്തിച്ച റഫാല്‍ വിമാനങ്ങളുടെ സുരക്ഷയും സംരക്ഷണവും വ്യോമസേനയുടെ പ്രത്യേക ശ്രദ്ധയുള്ള വിഷയമാണ് എന്നാണ് കത്തില്‍ പറയുന്നത്.

വ്യോമതാവളത്തിന്‍റെ പരിസര പ്രദേശങ്ങളില്‍ വലിയതോതില്‍ മാലിന്യം തള്ളുന്നതാണ് ഈ പ്രദേശത്ത് പക്ഷികള്‍ കൂടുവാന്‍ കാരണം. ഇതില്‍ വലുതും ചെറുതുമായ പക്ഷികളുണ്ട്. ഇവ വിമാനങ്ങളുമായി കൂട്ടിയിടിച്ചാല്‍ വലിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചേക്കാം. അതിനാല്‍ അംബാല മുനിസിപ്പല്‍ അതോററ്ററി, അയറോ ഡ്രോം പരിസ്ഥിതി കമ്മിറ്റി, എയര്‍ഫോഴ്സ് എന്നിവരെല്ലാം വിവിധ യോഗങ്ങളില്‍ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ വിവിധ യോഗങ്ങളില്‍ മുന്നോട്ടുവച്ച പരിഹാര മാര്‍ഗങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം എന്ന് എയര്‍ഫോഴ്സ് ഹരിയാന സര്‍ക്കാറിന് അയച്ച കത്തില്‍ പറയുന്നു.

ഖര മാലിന്യ സംസ്കരണ യൂണിറ്റ് ആരംഭിച്ച മാലിന്യ പ്രശ്നം  പരിഹരിക്കണമെന്നും. അംബാല വ്യോമതാവളത്തിന് 10 കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളുടെ സാന്നിധ്യം കുറയ്ക്കണമെന്നും കത്തില്‍ എയര്‍ഫോഴ്സ് ഹരിയാന സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. കത്ത് ഹരിയാന സര്‍ക്കാര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബർ 10 ന് രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ അംബാല വ്യോമതാവളത്തിൽ 17-ാമത്തെ സ്ക്വാഡ്രണിലേക്ക് ഔദ്യോഗികമായി റഫാൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്താനിരിക്കുകയാണ്. ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനൊപ്പം ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയും ചേരാനാണ് സാധ്യത.

ജൂലൈ 29 ന് ലഭിച്ച അഞ്ച് യുദ്ധവിമാനങ്ങളിൽ മൂന്ന് സിംഗിൾ സീറ്ററുകൾ, രണ്ട് ഇരട്ട സീറ്ററുകൾ എന്നിവ ഹിമാചൽ പ്രദേശിലെയും ലഡാക്കിലെയും പർവതപ്രദേശങ്ങളിൽ വിപുലമായ പരിശീലനം നടത്തുന്നുണ്ട്. ഇന്ത്യയും ഫ്രാൻസും 36 റഫാൽ യുദ്ധവിമാനങ്ങൾക്കായി 2016 ൽ 8.7 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നത്.