കൊവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ്  രഹസ്യന്വേഷണ വിഭാഗം ചൈനയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 

ലണ്ടന്‍: കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്നും പുറത്തുവന്നുവെന്ന ആരോപണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം. ഇത് സംബന്ധിച്ച് ഞായറാഴ്ചയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഈ വാര്‍ത്ത വന്നതിന് പിന്നാലെ യുകെ വാക്സിന്‍കാര്യ മന്ത്രി നദീം സഹാവി ഈകാര്യത്തില്‍ ലോകാരോഗ്യ സംഘടന ഗൌരവമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കൊവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം ചൈനയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ആദ്യഘട്ടത്തില്‍ വൈറസ് ഒരു ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന സാധ്യത വിദൂരമാണ് എന്നാണ് ബ്രിട്ടീഷ് ഏജന്‍സികള്‍ അടക്കം കരുതിയിരുന്നത്. എന്നാല്‍ ആ കാഴ്ചപ്പടാണ് പുതിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മാറിയത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ കൊവിഡ് 19 പൊട്ടിപുറപ്പെട്ട വുഹാനിലെ ചൈനീസ് വുഹാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വൈറോളജിയുടെ അടുത്ത് തന്നെയാണ് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മാര്‍ക്കറ്റ് എന്ന സാധ്യതയാണ് ബ്രിട്ടീഷ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇനിനകം കൊറോണ വൈറസ് ലോകത്ത് 168 ദശലക്ഷം പേരില്‍ ബാധിച്ചു. ഇതില്‍ 3.5 ദശലക്ഷം പേരാണ് മരണമടഞ്ഞത്. 

അതേ സമയം കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച് ചൈനയും അമേരിക്കയും തമ്മിലടിക്കുകയാണ്. കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍നിന്നാണോ എന്ന ആരോപണം അന്വേഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെ നിശിതമായി വിമര്‍ശിച്ച് ചൈന രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ്, ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ രംഗത്തുവന്നത്. 

ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാക്കിയ ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ ഇത് രാഷ്ട്രീയ ഉപജാപവും മറ്റുള്ളവരുടെ തലയില്‍ കുറ്റം ചാര്‍ത്തലും മാത്രമാണെന്ന് പറഞ്ഞു. അമേരിക്കയ്ക്ക് വസ്തുതകളിലോ സത്യാന്വേഷണത്തിലോ താല്‍പ്പര്യമില്ല. വൈറസിന്റെ ഉദ്ഭഭവത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താനും അവര്‍ വിമുഖരാണ്. മഹാമാരിയെ രാഷ്ട്രീയ ഉപജാപങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക, മറ്റുള്ളവര്‍ക്കു മേല്‍ കുറ്റം ചുമത്തുക തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. ശാസ്ത്രത്തോട് അവര്‍ക്ക് അനാദരവാണ്. മനുഷ്യജീവിതങ്ങളോട് നിരുത്തരവാദപരമായ സമീപനവും. അമേരിക്കന്‍ ശ്രമങ്ങള്‍ വൈറസ് വ്യാപനത്തിനെതിരെ ലോകം നടത്തുന്ന പോരാട്ടങ്ങളെ മോശമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. 

ബൈഡന്റെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം, ലാബ് ചോര്‍ച്ചയെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തവും കുറ്റപ്പെടുത്തലുകളും തിരിച്ചവരുന്നത് രാഷ്ട്രീയക്കളിയാണെന്ന് അമേരിക്കയിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തിയിരുന്നു. 

കൊറോണ വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന കാര്യം അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബൈഡന്‍ യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയത്.ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു തന്നെ രണ്ടഭിപ്രായമുള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം വേണമെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പ് വിശദമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona