ദില്ലി: 4ജി സ്‌പെക്‌ട്രം ഇല്ലാതെ നഷ്ടത്തിലേക്ക് നീങ്ങുന്ന  ബി.എസ്‌.എന്‍.എല്‍ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നു.  ഇന്ത്യയില്‍ 20 സര്‍ക്കിളുകളില്‍ ടെലികോം സേവനം നല്‍കുന്ന ബിഎസ്എന്‍എല്ലിന് കേരളം ഒഴികെയുള്ള സംസ്‌ഥാനങ്ങളില്‍ നഷ്ടമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഈ നിലതുടര്‍ന്നാല്‍ ഒന്നര ലക്ഷത്തില്‍ അധികം വരുന്ന ജീവനക്കാരുടെ ഭാവിപോലും ആശങ്കയിലാകുമെന്നുന്നാണ് ബിഎസ്എന്‍എല്ലിലെ തൊഴിലാളി സംഘടനകള്‍ ഭയക്കുന്നത്.

2014 വരെ ലാഭത്തിലായിരുന്ന ബി.എസ്‌.എന്‍.എല്‍. റിലയന്‍സ് ജിയോയുടെ വരവോടെയാണു മുരടിച്ചത്‌. ബി.എസ്‌.എന്‍.എല്ലിന്‍റെ പശ്‌ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിയോക്ക്‌ അനുമതിയുണ്ടായിരുന്നു. തുടക്കത്തില്‍ ജിയോയുടെ പ്ലാനുകളെ കടത്തിവെട്ടി ബി.എസ്‌.എന്‍.എല്‍. അവതരിപ്പിച്ച പ്ലാനുകള്‍ക്കു വന്‍ ജനപിന്തുണയാണ്‌ ലഭിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌, വലിയ ഓഫറുകളുമായി ജിയോ അടിക്കടി വളര്‍ന്നപ്പോള്‍ ബി.എ.എന്‍.എല്‍. കൂപ്പുകുത്തി. 2014-നു ശേഷം എന്തുകൊണ്ടോ ബി.എസ്‌.എന്‍.എലിന്റെ നവീകരണം മന്ദഗതിയിലായിയെന്നു നാഷണല്‍ യൂണിയന്‍ ഓഫ്‌ ബി.എസ്‌.എന്‍.എല്‍. വര്‍ക്കേഴ്‌സ്‌ സംസ്‌ഥാന സെക്രട്ടറി കെ.വി. ജോസ്‌ പറയുന്നു. 

യഥാസമയം നവീകരണം നടത്താനും അടിസ്‌ഥാന സൗകര്യം വര്‍ധിപ്പിക്കാനും ബി.എസ്‌.എന്‍.എലിനെ അനുവദിക്കാത്തവിധം ബാഹ്യ സമ്മര്‍ദ്ദമുണ്ടാകാമെന്നാണ്‌ ജീവനക്കാരുടെ സംഘടനകള്‍ കരുതുന്നത്‌.  4ജി സ്‌പെക്‌ട്രം അനുവദിക്കാന്‍ വൈകുന്നതിന്റെ  പ്രധാന കാരണവും ഇതാണെന്ന്‌ ബി.എസ്‌.എന്‍.എല്‍ എംപ്ലോയീസ്‌ യൂണിയന്‍ സംസ്‌ഥാന സെക്രട്ടറി സി. സന്തോഷ്‌ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ടെലികോം കമ്പനികള്‍ക്ക്‌  സ്‌പെക്‌ട്രം അനുവദിക്കുന്നത്‌ ലേലത്തിലൂടെ മാത്രമേ ആകാവൂ എന്ന്‌ സുപ്രിം കോടതി മുന്‍പ്‌ വിധിച്ചിരുന്നു. 

ലേലം വിളിച്ച്‌ സ്‌പെക്‌ട്രം വാങ്ങാനുള്ള സാമ്പത്തിക സ്‌ഥിതിയില്ലാത്തതിനാല്‍ തങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഇടപെട്ട്‌ 4ജി സ്‌പെക്‌ട്രം അനുവദിക്കണമെന്ന്‌ ബി.എസ്‌.എന്‍.എല്‍. അഭ്യര്‍ഥിച്ചിട്ട്‌ മാസങ്ങളായെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട്‌ എടുത്തിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ 4-ജി സ്‌പെക്‌ട്രം ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്‌. സ്‌ഥാപനത്തിലെ ചില ഉന്നത ഉദ്യോഗസ്‌ഥര്‍ ടെലികോം വകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനിലുള്ളവരാണ്‌.

നിലവില്‍ 1.68 ലക്ഷം ജീവനക്കാരാണ്‌ ബി.എസ്‌.എന്‍.എലില്‍ ഉള്ളത്‌. ഇതില്‍ 1.2 ലക്ഷം ലക്ഷം ജീവനക്കാരും നോണ്‍ എക്‌സിക്യുട്ടീവ്‌ കേഡറിലുള്ളവരാണ്‌.  കമ്പനി മുങ്ങിത്താഴുമെന്നു വ്യക്‌തമായതോടെ ഇവരെല്ലാം ഒത്തൊരുമിച്ച്‌ ബി.എസ്‌.എന്‍.എലിനെ കരകയറ്റാനുള്ള ശ്രമമാണ്‌ നടത്തിവരുന്നത്‌. എന്നാല്‍, കേരളം ഒഴികെ ഒറ്റ സംസ്‌ഥാനത്തുപോലും ഉയര്‍ച്ചയുടെ ലക്ഷണം കാണുന്നില്ലെന്ന്‌ ജീവനക്കാര്‍ പറയുന്നു. കേരളത്തില്‍പോലും ലാന്‍ഡ്‌ ഫോണിനെ കമ്പനി ഉപേക്ഷിച്ച മട്ടാണ്‌. പലരും ലാന്‍ഡ്‌ ഫോണ്‍ ഉപേക്ഷിച്ചു തുടങ്ങി. 2017-18-ല്‍ കേരളസര്‍ക്കിള്‍  634 കോടിരൂപയുടെ ലാഭമുണ്ടാക്കി. ഇത്‌ ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്‌തു.