ദില്ലി: സെപ്ക്ട്രം ലേലത്തുകയായി 94000 കോടി അടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്കും മന്ത്രിസഭായോഗം ഇളവ് നല്‍കി. കുടിശ്ശിക രണ്ട് വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് സമയം നല്‍കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം തീരുമാനം എടുത്തത്. 

സുപ്രീം കോടതിയുടെ ഒക്ടോബർ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ വിധി വന്നത്, വോഡഫോൺ ഐഡിയയ്ക്കും എയർടെലിനും 81,000 കോടി രൂപ കുടിശ്ശിക നേരിടേണ്ടിവന്നു. ഇത് ജനുവരി അവസാനത്തോടെ അടയ്‌ക്കേണ്ടതുണ്ട്. ഇത് വ്യവസ്ഥകൾ ഏർപ്പെടുത്താൻ അവരെ നിർബന്ധിതരാക്കി. സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം റെക്കോർഡ് 50,921.9 കോടി രൂപയായും എയർടെല്ലിന്റെ 23,045 കോടി രൂപയായുമായിരുന്നു. എന്നാല്‍ പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു. 

എന്നാല്‍ പുതിയ ഇളവ് പ്രഖ്യാപിച്ചിട്ടും  ഡിസംബര്‍ മാസത്തില്‍  ടെലികോം താരീഫുകള്‍ വര്‍ദ്ധിപ്പിക്കും എന്ന കമ്പനികളുടെ തീരുമാനം മാറ്റിയിട്ടില്ലെന്നാണ് ഇതുവരെയുള്ള സൂചന. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയാണ് ഐഡിയയും എയര്‍ടെല്ലും വൊഡഫോണും നൽകിയിരിക്കുന്നത്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം, എത്ര ശതമാനം വര്‍ധനവ് നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കിയിരുന്നു.

മറ്റ്​ മൊബൈൽ സേവനദാതാക്കൾക്കൊപ്പം ടെലികോം വ്യവസായത്തെ സംരക്ഷിക്കുകയെന്ന ഉദ്യമത്തിൽ സർക്കാരിനൊപ്പം ഉപയോക്​താക്കൾക്ക്​ വേണ്ടി ജിയോയും പങ്കാളിയാവും. അതിനായി ഏതാനും ആഴ്ചകൾക്കകം താരിഫ്​ ഉയർത്തും. എന്നാൽ, നിരക്ക്​ വർദ്ധനവ് രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ ബാധിക്കാത്ത രീതിയിലായിരിക്കുമെന്നും ജിയോ അറിയിച്ചു.