ചെന്നൈ: തമിഴ് യൂട്യൂബ് ചാനല്‍ ചെന്നൈ ടോക്ക്സിന്‍റെ ഉടമയെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വോക്സ് പോപ്പ് മോഡലില്‍ 200 ഓളം വീഡിയോകള്‍ ചെയ്തിട്ടുള്ള ഒരു ജനപ്രിയ യൂട്യൂബ് ചാനലാണ് ചെന്നൈ ടോക്ക്സ്. ഈ ചാനലിലെ ഒരു വീഡിയോയില്‍ ഒരു സ്ത്രീ സെക്സിനെക്കുറിച്ചും, മദ്യപാനത്തെക്കുറിച്ചും തുറന്നു പറയുന്നത് വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.

ഗ്രേറ്റര്‍ ചെന്നൈയിലെ ശാസ്ത്രിനഗര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ പൊതുവായി ചിത്രീകരിക്കാറുള്ള ബസന്ത് നഗര്‍ ബീച്ചില്‍ വച്ചായിരുന്നു അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. ചാനല്‍ ഉടമയായ ദിനേശ് (31), വീഡിയോകള്‍ അവതരിപ്പിക്കുന്ന അസീന്‍ ബാദ്ഷ (23), ക്യാമറമാന്‍ അജയ് ബാബു (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ബീച്ചില്‍ വരുന്നവരോട് അനാവശ്യ ചോദ്യങ്ങളുമായി ചിലര്‍ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ബീച്ചില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് ശാസ്ത്രിനഗര്‍ പൊലീസ് പറയുന്നു. കടപ്പുറത്തെ മത്സ്യവില്‍പ്പനക്കാരിയാണ് പൊലീസിന് ഈ വിവരം നല്‍കിയത്. ശാസ്ത്രിനഗര്‍ ഇന്‍സ്പെക്ടര്‍ ഷണ്‍മുഖ സുന്ദരം, സബ് ഇന്‍സ്പെക്ടര്‍ മുരുകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവരുടെ മൈക്രോഫോണ്‍ ക്യാമറ എന്നിവ പൊലീസ് പിടിച്ചെടുത്തു. 

മുന്‍പും ഇവര്‍ക്കെതിരെ പരാതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബസന്ത് നഗര്‍ ബീച്ചില്‍ എത്തുന്നവരൊട് ചാനലിന് ബൈറ്റ് നല്‍കുമോ എന്ന് ചോദിച്ച് എത്തുന്ന ഇവര്‍ സംസാരിക്കാന്‍ തയ്യാറാകുന്നവരെ പ്രോത്സാഹിപ്പിച്ച് അവരില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ അടക്കം പറയിപ്പിക്കുകയും അത് പിന്നീട് വോക്സ് പോപ്പ് എന്ന രീതിയില്‍ ചാനലില്‍ ഇടുകയും ചെയ്യുകയാണെന്ന് പൊലീസ് പറയുന്നു. 

അടുത്തിടെ ഇവരുടെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പിന്നീട് ഇവരുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ വീഡിയോയിലെ സ്ത്രീയും യൂട്യൂബേര്‍സിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ വീഡിയോയില്‍ ഒരു സ്ത്രീ സെക്സ്, മദ്യപാനം, കൊവിഡ് 19, ലോക്ക് ഡൌണ്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സരസമായി തന്‍റെ അഭിപ്രായങ്ങള്‍ പറയുന്നതാണ് ഉള്ളത്. ഇത് പിന്നീട് വൈറലാകുകയും, ഈ സ്ത്രീക്കെതിരെ വലിയ തോതില്‍ സൈബര്‍ അക്രമണം നടക്കുകയും ചെയ്തു. 

സ്ത്രീയുടെ പരാതി പ്രകാരം, അവര്‍ ചാനലിന് വേണ്ടി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം നേരത്തെ തയ്യാറാക്കിയതായിരുന്നു അത് പഠിപ്പിച്ച ശേഷമാണ് അവരോട് യൂട്യൂബ് ചാനലുകാര്‍ പറയാന്‍ ആവശ്യപ്പെട്ടത് എന്നാണ്. ഇവര്‍ക്ക് 1500 രൂപയും നല്‍കി. ഇതിന് പുറമേ വീഡിയോയ്ക്ക് മോശം കമന്‍റ് വരാതിരിക്കാന്‍ കമന്‍റ് ചെയ്യാനുള്ള ഓപ്ഷന്‍ വീഡിയയോക്ക് നല്‍കരുത് എന്നും ഈ സ്ത്രീ അവശ്യപ്പെട്ടു. എന്നാല്‍ ഇത് ചെന്നൈ ടോക്ക്സ് ഉടമ കേട്ടില്ലെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.

യൂട്യൂബറും കൂട്ടാളികള്‍ക്കും എതിരെ ഐപിസി സെക്ഷന്‍ 294(ബി), 354 ബി, 509, 506(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമേ സ്ത്രീകള്‍ക്കെതിരെ ആക്രമണം തടയുന്ന നിയമത്തിന്‍റെ നാലാം വകുപ്പും ചുമത്തിയിട്ടുണ്ട്. ഇവരെ ജുഡീഷ്വല്‍ കസ്റ്റഡിയില്‍ വിട്ടു. ഏതാണ്ട് 7 കോടിയോളം  വ്യൂ ആണ് ചെന്നൈ ടോക്ക്സ് എന്ന  യൂട്യൂബ് ചാനലിനുള്ളത്.