ദില്ലി: ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ വീഡിയോകള്‍ കാണുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചതായി കണക്കുകള്‍. ഈ കണക്കുകള്‍വച്ച് കുട്ടികള്‍ക്കെതിരായ ചൂഷണം തടയുന്നതിന്‍റെ ഭാഗമായി വിവിധ ഇന്‍റര്‍നെറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. ഗൂഗിള്‍, വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ സുരക്ഷ പാളിച്ചകള്‍ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന് കാരണമാകുന്നു എന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പറയുന്നത്.

രാജ്യത്തൊട്ടാകെയുള്ള ലോക് ഡൗൺ സമയത്ത് ഓൺ‌ലൈൻ ചൈൽഡ് പോൺ കാണുന്നവരുടെ എണ്ണം 95 ശതമാനം വർധിച്ചു. ഈ കണക്കുകൾ എടുത്തുകാണിക്കുന്ന റിപ്പോർട്ട് ദേശീയ ബാലാവകാശ കമ്മീഷന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്‍റെ ബലത്തിലാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ഉള്ളക്കടത്തെക്കുറിച്ചുള്ള ഇന്ത്യാ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ടാണ് പഠനം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള ഓൺലൈൻ ചൈൽഡ് പോൺ സന്ദർശനം മാർച്ച് 24 നും മാർച്ച് 26 നും ഇടയിൽ 95 ശതമാനം വർധിച്ചു എന്നാണ്. ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ലോക്ഡൗണിന് മുൻപുള്ളതിനേക്കാൾ ഏറെ കൂടുതലാണിതെന്നാണ് പഠനം പറയുന്നത്.ർ

എൻ‌ക്രിപ്റ്റ് ചെയ്ത ഈ വാട്സാപ് ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകൾ പ്രചരിപ്പിക്കുന്ന‌ുണ്ട്. ഇതെല്ലാം ഇന്റർനെറ്റിൽ ലഭ്യവുന്നുണ്ടെന്നും പഠനം പറയുന്നു. ഈ ലിങ്കുകൾ പിന്തുടരുന്ന ഏതൊരു ഉപയോക്താവിനും ഈ എൻ‌ക്രിപ്റ്റ് ചെയ്ത വാട്സാപ് ഗ്രൂപ്പുകളിൽ ചേരാനും അവരുടെ ഫോണുകളിലെ ഈ ഗ്രൂപ്പ് ചാറ്റുകളിലൂടെ ചൈൽഡ് പോണും മറ്റു അശ്ലീല ഉള്ളടക്കങ്ങളും സ്വന്തമാക്കാനും കഴിയുമെന്നും പഠനം പറയുന്നു. 

പ്ലേസ്റ്റോറിൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉതകുന്ന ആപ്പുകള്‍ ഇപ്പോഴും ഉണ്ടെന്നാണ് കമ്മീഷന്‍റെ മറ്റൊരു ആരോപണം. ഇത് കുട്ടികളുടെ അശ്ലീല വിഡിയോ, ഫോട്ടോകളിലേക്ക് എത്തിച്ചേരാനും പ്രാപ്യമാക്കാനും പ്രാപ്തമാക്കുന്നു. ഇത് ഗുരുതരമായ കാര്യമാണെന്ന് കമ്മീഷൻ നോട്ടീസ് പറയുന്നു.

ട്വിറ്റർ ഉപയോക്താക്കൾ ഈ വാട്സാപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രചരിപ്പിക്കുന്നത് ഗൗരവമേറിയ കാര്യമാണെന്നാണ് കമ്മീഷന്‍റെ നിലപാട്. ഏപ്രിൽ 30 നകം ഇത് സംബന്ധിച്ച് ടെക് ഭീമന്മാർ കമ്മീഷന് കൂടുതൽ വിവരങ്ങൾ  നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്.