ന്യൂയോര്‍ക്ക്: കരിയര്‍ മോഹികളുടെ ഇഷ്ട സോഷ്യല്‍ മീഡിയ ഇടമാണ് ലിങ്ക്ഡ് ഇന്‍. മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഈ സോഷ്യല്‍ മീഡിയയ്ക്കെതിരെ പുതിയ ആരോപണം ഉയരുകയാണ്. അമേരിക്കന്‍ മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് ആണ് ലിങ്ക്ഡ് ഇന്‍ വഴി ചൈന ചാരപ്രവര്‍ത്തി നടത്തുന്നു എന്ന ആരോപണം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണലുകളുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് ലിങ്ക്ഡ് ഇന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 645 ദശലക്ഷം ഉപയോക്താക്കളുള്ള സൈറ്റ് നിറയെ തെറ്റായ വിവരങ്ങളും അതിനേക്കാള്‍ ചാരപ്രവര്‍ത്തന റിക്രൂട്ട്‌മെന്‍റ് നടക്കുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

ചൈന ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശചാരന്മാര്‍ ആക്ടീവായ ലിങ്ക്ഡ് ഇന്‍ തങ്ങളുടെ പ്രധാന വേട്ടസ്ഥലമാണെന്ന് പടിഞ്ഞാറന്‍ രഹസ്യാന്വേഷണ വിരുദ്ധ വിഭാഗം പറയുന്നു. സാധാരണഗതിയില്‍ ചാരപ്പണിക്ക് ഒരാളെ ഇരയാക്കുന്നതിന് പകരം ചൈനയില്‍ ഒരു കമ്പ്യൂട്ടറിന് പിന്നിലിരുന്നു കൊണ്ട് ഒരു വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ആയിരങ്ങളെ ലക്ഷ്യമിടാനാകുന്നു എന്നതാണ് പ്രത്യേകതയെന്ന് വിദേശ ചാരന്മാരേയും അത്തരം കമ്പനികളെയും നുഴഞ്ഞുകയറ്റങ്ങളെയും നിരീക്ഷിക്കുന്ന സുരക്ഷാ വിഭാഗത്തിലെ രഹസ്യാന്വേഷണ വിരുദ്ധ വിഭാഗം മേധാവി പറയുന്നു.

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ചാരപ്പണിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കും ട്വിറ്ററും യൂട്യുബുമെല്ലാം ആരോപണം നേരിട്ടിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഹോങ്കോങില്‍ ജനാധിപത്യ വിരുദ്ധ പ്രക്ഷോഭം നടത്തുന്നു എന്ന ആരോപണവുമായി ഈ സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരേ തന്നെ ചൈന അടുത്ത കാലത്ത് വരികയും ചെയ്തു. ലിങ്ക്ഡ് ഇന്നിനെ ചാരപ്പണിക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നു എന്ന് തെളിയിക്കുന്ന അനേകം കേസുകള്‍ അടുത്തിടെ ലിങ്ക്ഡ് ഇന്‍ തെളിയിച്ചതായും ടൈംസ് പറയുന്നു. 

ചൈന സ്വന്തം രാജ്യത്ത് അനുവദിച്ചിട്ടുള്ള അമേരിക്കയുടെ ഏക സാമൂഹ്യമാധ്യമായ ലിങ്ക്ഡ് ഇന്‍ 2016 ല്‍ 26 ബില്യണ്‍ ഡോളറിനായിരുന്നു മൈക്രോസോഫ്റ്റ് വാങ്ങിയത്. എന്നാല്‍ കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു ബ്‌ളോഗില്‍ 2019 ജനുവരിക്കും ജൂണിനും ഇടയില്‍ ലിങ്ക്ഡ് ഇന്‍ 21.6 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ നടപടിയെടുത്തതായി പറഞ്ഞിരുന്നു. 

തങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതോ കള്ളമോ വ്യാജവാര്‍ത്തയോ പ്രചരിപ്പിക്കുന്നതോ തട്ടിപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോ ആയ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു ലിങ്ക്ഡ് ഇന്‍ പറയുന്നത്.