ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയുമായി ചൈന! സിലിക്കണ്‍ വാലി വിറപ്പിക്കാന്‍ 'ഡീപ്‌സീക്ക്'

പുറത്തിറങ്ങിയപ്പോഴേ തരംഗമായിരിക്കുന്ന ഓപ്പണ്‍-സോഴ്‌സ് ലാര്‍ജ് ലാഗ്വേജ് മോഡലായ ഡീപ്‌സീക്കിനെ കുറിച്ച് മുത്തൂറ്റ് മിനി ഫിനാൻഷ്യൽ ലിമിറ്റഡ് കമ്പനിയിലെ ക്വാളിറ്റി അഷുറൻസ് ഹെഡ് സൂരജ് വസന്ത് എഴുതുന്നു...

Chinese AI start up DeepSeek shocking ChatGPT

തിരുവനന്തപുരം: ഓപ്പണ്‍ എഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയെ പുറത്തിറക്കി ചൈന. മറ്റ് എഐ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലവേറെ കുറഞ്ഞ ഓപ്പണ്‍-സോഴ്‌സ് ലാര്‍ജ് ലാഗ്വേജ് മോഡലാണ് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക് പുറത്തിറക്കിയിരിക്കുന്നത്. കൃത്യതയില്‍ ചാറ്റ് ജിപിടിക്കും മെറ്റ എഐയ്ക്കും അടക്കം കനത്ത വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള ഡീപ്‌സീക്ക്, പരീക്ഷിച്ചവരുടെ മനം കീഴടക്കിയതായാണ് റിപ്പോര്‍ട്ട്. 

ഓപ്പണ്‍-സോഴ്‌സ്, അതായത് സൗജന്യമായി ലഭിക്കുന്ന ഡീപ്‌സീക്കിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചൈനീസ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ലാബ് ഇക്കഴിഞ്ഞ ഡിസംബറിനാണ് ഫ്രീ ലാംഗേജ് മോഡല്‍ ഡീപ്‌സീക്ക് വി3 പുറത്തിറക്കിയത്. 5.58 മില്യണ്‍ ഡോളറിന് വെറും രണ്ട് മാസം കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നാണ് ചൈന പറയുന്നത്. എന്നുവച്ചാല്‍ എതിരാളികള്‍ തങ്ങളുടെ ഉദ്യമത്തിന് എടുക്കുന്ന സമയത്തിന്‍റെയും ചിലവാക്കുന്ന പണത്തിന്‍റെയും ചെറിയൊരംശം കൊണ്ടാണ് ഡീപ്‌സീക്കിനെ ചൈന വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഡീപ്‌സീക്കിന് തൊട്ടുപിന്നാലെ ഡീപ്‌സീക്ക് ആര്‍1 എന്ന പുത്തന്‍ മോഡലും ചൈന ജനുവരി 20ന് പുറത്തിറക്കി. എതിരാളികളുമായി താരതമ്യം ചെയ്യപ്പെടുന്ന തേഡ്-പാര്‍ട്ടി ബെഞ്ച്മാര്‍ക്ക് ടെസ്റ്റില്‍ ഓപ്പണ്‍ എഐയുടെ ജിപിടി–4ഒ, ആന്‍ത്രോപിക്‌സ് ക്ലോഡ് സോനറ്റ് 3.5 എന്നിവയ്‌ക്കൊപ്പവും മെറ്റയുടെയും ആലിബാബയുടെയും എഐ പ്ലാറ്റ്‌ഫോമുകളെയും മറികടന്നുള്ള പ്രകടനവും ഡീപ്‌സീക്ക് നടത്തിയതായാണ് റിപ്പോര്‍ട്ട്. പ്രോബ്ലം സോള്‍വിംഗ്, കോഡിംഗ്, മാത്ത് എന്നിവയിലാണ് ഡീപ്സീക്ക് കൂടുതലും മികച്ച പെര്‍ഫോര്‍മന്‍സ് കാഴ്ചവെച്ചത്. നിലവില്‍ ഡീപ്‌സീക്ക് ആര്‍വണ്ണും ചാറ്റ് ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് യുഎസ് ഉയര്‍ത്തുന്ന വെല്ലുവിളിക്ക് കടുത്ത മറുപടി തന്നെയാണ് ചൈന നല്‍കിയിരിക്കുന്നത്. കിടിലന്‍ പെര്‍ഫോര്‍മന്‍സ്, നിര്‍മാണ ചിലവ് വളരെ കുറവ്, സെമി ഓപ്പണ്‍-സോഴ്‌സ് നേച്ചര്‍ അങ്ങനെ നിരവധി മേന്മകളാണ് ഡീപ്‌സീക്ക് ആര്‍വണ്ണിന് ചൂണ്ടിക്കാണിക്കാന്‍ ഉള്ളത്. ഡോണള്‍ഡ് ട്രംപിന് കീഴില്‍ എഐ രംഗത്ത് വന്‍ നിക്ഷേപത്തിന് അമേരിക്കന്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചിലവ് കുറഞ്ഞ ഡീപ്‌സീക്കുമായി ചൈന മത്സരം കടുപ്പിച്ചിരിക്കുകയാണ്. 

Read more: അനക്കമില്ലാതെ ചാറ്റ് ജിപിടി; ലോകമെമ്പാടും സേവനങ്ങൾ തടസപ്പെട്ടു, പരാതിയുമായി ഉപയോക്താക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios