വാഷിംങ്ടണ്‍: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപിന്‍റെ പേരില്‍ വീഡിയോ മാല്‍വെയര്‍ ആക്രമണവും.  ട്രംപിന്റെ സ്കാൻഡൽ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ ലിങ്ക് വഴിയാണ് ഈ മാല്‍വെയര്‍ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിക്കുചെയ്താൽ നിങ്ങളുടെ കംപ്യൂട്ടറിലേക്ക് ഹാക്കർമാർക്ക് പ്രവേശനം ലഭിക്കുമെന്നാണ് സൈബര്‍ വിദഗ്ധർ പറയുന്നത്.

ട്രസ്റ്റ് വേവിലെ സുരക്ഷാ ഗവേഷകർ കണ്ടെത്തിയ ക്വാവെർസ് റിമോട്ട് ആക്സസ് ട്രോജന്റെ ഒരു പുതിയ വകഭേദം വലിയ ഭീഷണി സൈബര്‍ ലോകത്ത് ഉയര്‍ത്തുന്നു. ട്രംപിന്റെ അപകീർത്തികരമായ വിഡിയോ ലിങ്ക് ഓഫർ ചെയ്താണ് ഉപയോക്താക്കളെ വഞ്ചിക്കുന്നത്.  പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യാൻ, സിനിമകളോ സംഗീതമോ ആക്സസ് ചെയ്യാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന് ഓഫർ ചെയ്ത് ഉപയോക്താവിന്റെ കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ടൂളാണ് റിമോട്ട് ആക്സസ് ട്രോജൻ.

 ‘പൈറേറ്റഡ്’ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന, അജ്ഞാത വെബ്‌സൈറ്റുകളിൽ നിന്ന് പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കളുടെ സിസ്റ്റങ്ങളെയും ഈ ട്രോജൻ ബാധിക്കാൻ സാധ്യതയുണ്ട്. ഗവേഷകർ പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് അയയ്‌ക്കുന്ന ഇമെയിലിൽ “TRUMP_S ** _ SCANDAL_VIDEO.jar” എന്ന പേരിലുള്ള ജാവ ആർക്കൈവ് ഫയൽ അടങ്ങിയിരിക്കുന്ന ഒരു അറ്റാച്ചുമെന്റ് കാണാം. 

ഈ ട്രോജൻ മുൻപ് കണ്ടെത്തിയ മറ്റ് മാൽവെയറുകളോട് സാമ്യമുള്ളതാണെന്നും വിൻഡോസിൽ മാത്രമേ പ്രവർത്തിക്കൂ എന്നും ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.