ദില്ലി: ടെലികോം മേഖലയില്‍ സര്‍ക്കാറിനോട് സഹായം അഭ്യര്‍ത്ഥിച്ച് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന. കൊവിഡ് കാലത്ത് വലിയ തോതിലുള്ള സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് രാജ്യത്തെ ടെലികോം മേഖല കടന്നു പോകുന്നത് എന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിക്കുന്നത്. ഇന്ത്യയില്‍ അടുത്തവര്‍ഷത്തോടെ 5ജി സേവനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അസോസിയേഷന്‍റെ പ്രസ്താവന.

കൊവിഡ് പ്രതിസന്ധി ടെലികോം മേഖലയുടെ സാമ്പത്തികാവസ്ഥ വളരെ ഞെരുക്കത്തിലാക്കി. ഇതിനാല്‍ തന്നെ വളരെ പ്രധാനപ്പെട്ട ചില സാമ്പത്തിക ഇളവുകള്‍ സര്‍ക്കാര്‍ നല്‍കണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. കൂടുതല്‍ മൂലധന ലഭ്യത, വിവിധ സര്‍ക്കാര്‍ ലെവികളില്‍ കുറവു വരുത്തുക, എജിആറിലും സ്പെക്ട്രം വിലയിലും ഇളവ് നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് അസോസിയേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന മേഖലകളില്‍ ടെലികോം സേവനം അത്യവശ്യമാണ്. വിദ്യഭ്യാസം, ആരോഗ്യ രംഗം, നഗര വത്കരണം, ഉത്പാദനം, ഇന്‍റലിജന്‍റ് ലോജസ്റ്റിക്ക് എല്ലാത്തിനും ഈ മേഖല അത്യവശ്യമാണ് അതിനാല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട് സിഒഎഐ ഡയറക്ടര്‍ ജനറല്‍ എസ്പി കൊച്ചാര്‍ പറയുന്നു.

ടെലികോം മേഖലയില്‍ വലിയൊരു മുന്നേറ്റം ഉണ്ടാക്കുന്നത് രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനത്തിന് ആവശ്യമായ ഘടകമാണ്. ഇതിനായി സര്‍ക്കാറിലും ട്രായിയിലും സംഘടന തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നിരന്തരം അറിയിക്കുന്നുണ്ട്, കൊച്ചാര്‍ പറയുന്നു.