ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസ് ടെക് ലോകത്തെയും വിറപ്പിക്കുന്നു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (എംഡബ്ല്യുസി) 2020 റദ്ദാക്കപ്പെടുന്നതോടെ മാരകമായ കൊറോണ വൈറസ് സാങ്കേതിക വ്യവസായത്തെ പ്രത്യക്ഷമായി ബാധിച്ചിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഈ പേരില്‍ പ്രചരിക്കുന്ന ഒരു വൈറസിനെക്കുറിച്ചാണ്. ഇന്‍റര്‍നെറ്റ് സുരക്ഷയെ തന്നെ തകര്‍ക്കുന്ന കൊറോണ വൈറസ് പ്രമേയമായുള്ള സ്പാം ഇമോടെറ്റ് മാല്‍വെയര്‍ പ്രചരിപ്പിക്കുന്നുവെന്ന് സുരക്ഷാ ഗവേഷകര്‍ പറഞ്ഞു.

കൊറോണ വൈറസ് പ്രമേയമാണ് ഈ മാല്‍വെയര്‍ ഒളിഞ്ഞിരിക്കുന്നത്. കൊറോണയെ അതിജീവിക്കാനും സുരക്ഷാ മുന്‍കരുതലെടുക്കാനും പ്രേരിപ്പിക്കുന്ന ഇത് കണ്ടെത്തിയത് ഇസ്രായേലി സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെക്ക് പോയിന്‍റ് റിസര്‍ച്ചിലെ ഗവേഷകരാണ്. ഇവര്‍ പറയുന്നതനുസരിച്ച്, ഒരു ജാപ്പനീസ് സേവന ദാതാവിന്‍റെ ഉറവിടത്തില്‍ നിന്നാണ് ഇത് അയയ്ക്കുമെന്ന് ഭയപ്പെടുന്നത്. ഇമെയില്‍ അറ്റാച്ചുമെന്റുകളായാണ് ഈ മാല്‍വെയര്‍ ഓരോയിടത്തേക്കും എത്തുന്നത്.

ഇമെയില്‍ തുറക്കാന്‍ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുകയും അത് തുറന്നാല്‍ അവരുടെ കമ്പ്യൂട്ടറില്‍ ഇമോടെറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരവധി ജാപ്പനീസ് നഗരങ്ങളില്‍ എവിടെയാണ് അണുബാധ പടര്‍ന്നതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഈ ഇമെയിലുകള്‍ പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വരും ദിവസങ്ങളില്‍ ഇതു കൂടുതല്‍ വ്യാപകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കൊറോണയെ അടിസ്ഥാനപ്പെടുത്തി പടരുന്ന ക്ഷുദ്ര കൊറോണ വൈറസ് സ്പാം കാമ്പെയ്‌നുകള്‍ മാത്രമല്ല വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ വില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഡൊമെയ്‌നുകളില്‍ നിന്നു പോലും ഇത്തരത്തില്‍ മാല്‍വെയര്‍ വലവിരിക്കുന്നതില്‍ വലിയ വര്‍ദ്ധനവ് കാണുന്നുണ്ട്. ചെക്ക് പോയിന്റ് സോഫ്‌റ്റ്വെയര്‍ ടെക്‌നോളജീസ് ഡയറക്ടര്‍ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്‍. വേണുഗോപാല്‍ പറയുന്നതനുസരിച്ച്, ഇന്ത്യയിലും ക്രമേണ ഇത് എത്തിത്തുടങ്ങിയേക്കാമെന്നാണ്.

ഇന്തോനേഷ്യയെ ടാര്‍ഗെറ്റുചെയ്യുന്ന ഒരു ക്ഷുദ്ര ലോക്കിബോട്ട് സാമ്പിളും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇന്തോനേഷ്യയിലെ ആളുകള്‍ക്ക് എങ്ങനെ വൈറസിനെതിരെ സ്വയം പരിരക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള ഇമെയിലുകളിലാണ് ഇത് ഒളിഞ്ഞിരിക്കുന്നത്. 

വികസിതവും സ്വയം പ്രചരിപ്പിക്കുന്നതും മോഡുലാര്‍ ട്രോജനുമാണ് ഇമോടെറ്റ്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കിംഗ് ട്രോജന്‍ ആയിരുന്നു, എന്നാല്‍ അടുത്തിടെ മറ്റ് മാല്‍വെയറുകളുടെ അല്ലെങ്കില്‍ ക്ഷുദ്ര കാമ്പെയ്‌നുകളുടെ വിതരണക്കാരനായി ഉപയോഗിച്ചു. മാല്‍വെയര്‍ അറ്റാച്ചുമെന്റുകളോ ലിങ്കുകളോ അടങ്ങിയ ഫിഷിംഗ് സ്പാം ഇമെയിലുകളിലൂടെയും ഇത് വ്യാപിക്കും. ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക മാത്രമാണ് ഇതിനൊരു പോംവഴി.