Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ കാലത്ത് ടെലികോം കമ്പനികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ ഇതൊക്കെയാണ്

ലോക്ക്ഡൗണ്‍ കാലത്ത് എന്നു പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി അവസാനിച്ചാലും അത് ഏപ്രില്‍ 17 വരെ നീട്ടി നല്‍കിയാണ് മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ സഹായിക്കുന്നത്. 

Coronavirus lockdown JIO BSNL Airtel Vodafone Idea offer free validity extension additional talktime
Author
New Delhi, First Published Apr 3, 2020, 10:06 AM IST

ദില്ലി: 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രമാണിച്ച് താഴ്ന്ന വരുമാനക്കാരെ സഹായിക്കാന്‍ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവര്‍ പ്ലാനുകളുടെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് എന്നു പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി അവസാനിച്ചാലും അത് ഏപ്രില്‍ 17 വരെ നീട്ടി നല്‍കിയാണ് മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ സഹായിക്കുന്നത്. കൂടാതെ, ഇത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ 10 രൂപ ടോക്ക്‌ടൈം ക്രെഡിറ്റ് ചെയ്യുകയും ചെയ്തു.

ലോക്ക്ഡൗണ്‍ തുടരുന്നതുവരെ ആളുകള്‍ക്ക് അവരുടെ ഫോണിന്റെ ബാലന്‍സിനെക്കുറിച്ച് ഇനി വിഷമിക്കേണ്ടതില്ല. കൂടാതെ, ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തതും മൊബൈല്‍ റീചാര്‍ജുകള്‍ക്കായി ഷോപ്പുകളെ ആശ്രയിക്കുന്നതുമായ ആളുകള്‍ക്ക്, അവരുടെ പ്രീപെയ്ഡ് പായ്ക്ക് ഒരു നിശ്ചിത തീയതി വരെ തുടരാനും ഇത് സഹായിക്കും. വിവിധ കമ്പനികളും അവരുടെ സൗജന്യപ്രഖ്യാപനങ്ങളും എന്തൊക്കെയാണെന്നു നോക്കാം.

എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് സൗജന്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത ആദ്യത്തെ ടെലികോം കമ്പനികളിലൊന്നാണ് ഭാരതി എയര്‍ടെല്‍. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്കായി 2020 ഏപ്രില്‍ 17 വരെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി എയര്‍ടെല്‍ നീട്ടി. 80 ദശലക്ഷം ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ 10 രൂപ ടോക്ക്‌ടൈം ക്രെഡിറ്റ് ചെയ്യുമെന്ന് എയര്‍ടെല്‍ അറിയിച്ചു.

റിലയന്‍സ് ജിയോ

എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചു. 2020 ഏപ്രില്‍ 17 വരെ എല്ലാ ഉപയോക്താക്കള്‍ക്കും 100 മിനിറ്റ് ടോക്ക് ടൈമും 100 ടെക്സ്റ്റ് സന്ദേശങ്ങളും നല്‍കുമെന്ന് ജിയോ അറിയിച്ചു. വാലിഡിറ്റിയില്ലെങ്കില്‍പ്പോലും ഉപഭോക്താക്കള്‍ക്ക് അവരുടെ ജിയോ നമ്പറുകളില്‍ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു. 

വോഡഫോണ്‍ ഐഡിയ

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് പാക്കുകളുടെ വാലിഡിറ്റി വര്‍ദ്ധിപ്പിക്കുമെന്ന് വോഡഫോണും പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ 10 രൂപ ടോക്ക്‌ടൈം ക്രെഡിറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

ബിഎസ്എന്‍എല്‍

പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ഏപ്രില്‍ 20 വരെ നീട്ടുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്. മറ്റ് ടെലികോം കമ്പനികളെ പോലെ തന്നെ ബിഎസ്എന്‍എല്‍ അവരുടെ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് 10 രൂപ ടോക്ക്‌ടൈം ക്രെഡിറ്റ് ചെയ്യും. പൂജ്യം ബാലന്‍സ് ആണെങ്കില്‍ പോലും ഇതു ലഭിക്കുമെന്നു കമ്പനി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios