ഇന്ത്യയില്‍ അവതരിപ്പിക്കാത്ത ചില മൊബൈല്‍ അനുബന്ധ ഉപകരണങ്ങളും മറ്റും ഷവോമിയുടെ പേരില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു.

ദില്ലി: ഇന്ത്യയിലെ നമ്പര്‍ വണ്‍ മൊബൈല്‍ സ്മാര്‍ട്ട് ടിവി ബ്രാന്‍റായ ഷവോമിയുടെ ഉത്പന്നങ്ങളെന്ന് തോന്നിക്കുന്ന 13 ലക്ഷത്തോളം വ്യാജ ഉപകരണങ്ങള്‍ ദില്ലിയില്‍ പിടികൂടി. ദില്ലിയിലെ ഗഫാര്‍ മാര്‍ക്കറ്റിലെ നാലോളം വിതരണക്കാരില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. തങ്ങളുടെ ബ്രാന്‍റിന്‍റെ പേരില്‍ വ്യാജ ഉപകരണങ്ങള്‍ പ്രചരിക്കുന്നു എന്ന വിവരത്തില്‍ ഷവോമിയുടെ പരാതിയില്‍ ദില്ലി സെന്‍ട്രല്‍ ജില്ല കരോള്‍ബാഗ് പൊലീസ് സ്റ്റേഷന്‍ പൊലീസാണ് റെയ്ഡ് നടത്തി വ്യാജ ഉപകരണങ്ങള്‍ പിടികൂടിയത്. നവംബര്‍ 25നാണ് റെയ്ഡുകള്‍ നടന്നത്. 2000ത്തോളം വ്യാജ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഈ സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയുടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ അവതരിപ്പിക്കാത്ത ചില മൊബൈല്‍ അനുബന്ധ ഉപകരണങ്ങളും മറ്റും ഷവോമിയുടെ പേരില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. ഒപ്പം എംഐ പവര്‍ബാങ്ക്, എംഐ നെക്ക്ബാന്‍റ്, എംഐ ട്രാവല്‍ അഡോപ്റ്റര്‍, എംഐ ഇയര്‍ഫോണ്‍, എംഐ വയര്‍ലെസ് ഹെഡ്സെറ്റ്, റെഡ്മീ എയര്‍ഡോട്സ്, എംഐ2-ഇന്‍-1 യുഎസ്ബി കേബിള്‍ എന്നിവയുടെ വ്യാജ ഉത്പന്നങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.

വിശദമായ അന്വേഷണത്തില്‍ ഒരു വര്‍ഷത്തോളമായി ഈ കച്ചവടക്കാര്‍ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ വിറ്റ ഗ്യാലക്സി മൊബൈല്‍, ബിസിഎം പ്ലാസ്, ഷോപ്പ് നമ്പര്‍ 14 സെഗാ മാര്‍ക്കറ്റ്, ഷോപ്പ് നമ്പര്‍ 2 ലോട്ടസ് പ്ലാസ് എന്നിവയാണ് പൊലീസ് അടപ്പിച്ചത്.

പുതിയ സംഭവത്തോടെ വ്യാജ ഉപകരണങ്ങള്‍ക്കെതിരെ മാര്‍ഗനിര്‍ദേശവുമായി ഷവോമി രംഗത്ത് ഇറങ്ങിയിട്ടുണ്ട്, അവ ഇങ്ങനെയാണ്.

1. എംഐ പ്രോഡക്ടുകള്‍ക്ക് മുകളിലെ സെക്യൂരിറ്റി കോഡ് എംഐ.കോം സൈറ്റില്‍ കയറി ക്രോസ് ചെക്ക് ചെയ്യുക
2. എംഐ പ്രോഡക്ടുകളുടെ കവറിംഗ് ക്വാളിറ്റി എംഐ ഹോം, എംഐ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രോഡക്ടുകള്‍ വാങ്ങി കൃത്യമായി വിലയിരുത്തുക.
3. പ്രോഡക്ട് കവറുകളിലെ ലോഗോകള്‍ കൃത്യമല്ലെ എന്ന് ഉറപ്പുവരുത്തുക
4.എംഐ ബാന്‍റ് പോലുള്ള പ്രോഡക്ടുകള്‍ എംഐ ഫിറ്റ് ആപ്പുമായി ബന്ധിപ്പിച്ച് അതിന്‍റെ കാര്യക്ഷമത ഉറപ്പുവരുത്തുക
5. ബാറ്ററികളില്‍ എല്‍ഐ-പോളി മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
6. യുഎസ്ബി കേബിളുകള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ക്വാളിറ്റി ഉറപ്പുവരുത്തുക.