ദില്ലി: ഇന്ത്യയിലെ 70 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഡാർക്ക് വെബിൽ ലഭ്യമാണ് എന്നാണ് ഐ‌എ‌എൻ‌എസ് റിപ്പോർട്ട് പറയുന്നത്. ചോർന്ന വിശദാംശങ്ങളിൽ ഉപയോക്താക്കളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, വാർഷിക വരുമാനം എന്നിവ ഉൾപ്പെടുന്നുവെന്ന് സുരക്ഷാ ഗവേഷകൻ രാജശേഖർ രാജഹാരിയ പറഞ്ഞു.

ചോർന്ന വിവരങ്ങളുടെ ശേഖരം 2 ജിബി വരും. 2010 നും 2019 നും ഇടയില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘമായ ഒരു കാലയളവിലെ വിവരങ്ങള്‍ സൈബര്‍ സുരക്ഷയില്‍ വലിയ ആശങ്കയാണെന്നും, ഇത്തരം വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്കും മറ്റും ഉപകരപ്പെട്ടേക്കും എന്ന ആശങ്കയുള്ളതായി വിദഗ്ധർ പറയുന്നത്. 

പണമിടപാട് ഡേറ്റയായതിനാൽ ഹാക്കർമാർക്കും സ്‌കാമർമാർക്കും വിലപ്പെട്ടതാണ്. കാരണം ഫിഷിങ്ങിനോ മറ്റ് സൈബർ ആക്രമണങ്ങൾക്കോ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നാണ് ടെക് വിദഗ്ധർ പറയുന്നു. എന്നാൽ, ചോർന്ന വിശദാംശങ്ങളിൽ കാർഡ് നമ്പറുകൾ ഉൾപ്പെടുത്തിയിട്ടില്ല.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകാൻ ബാങ്കുകളുമായി കരാറുള്ള മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർന്നതെന്നാണ് കരുതുന്നതെന്ന് രാജാഹാരിയ പറഞ്ഞു. അഞ്ച് ലക്ഷത്തോളം കാർഡ് ഉടമകളുടെ പാൻ നമ്പറുകളും ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു. 70 ലക്ഷം ഉപയോക്താക്കളുടെ ഡേറ്റ യഥാർഥമാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ഉപയോക്താക്കളുടെ ഡേറ്റ പരിശോധിക്കുകയും വിവരങ്ങൾ കൃത്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്.