Asianet News MalayalamAsianet News Malayalam

ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍: ഫേസ്ബുക്കിനെതിരെ ഗുരുതരമായ വെളിപ്പെടുത്തല്‍

ഫെബ്രുവരിയില്‍ ദില്ലി കലാപം ആളിക്കത്തിക്കുന്ന രീതിയില്‍ ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ചില ഇടപെടലുകള്‍ ഉണ്ടായി എന്നാണ് പ്രധാന ആരോപണം. 

Delhi riots Former Facebook employee deposes before House panel
Author
New Delhi, First Published Nov 13, 2020, 12:24 PM IST

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ആരോപണം.  ഫേസ്ബുക്കിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മാ‍ർക്ക് എസ് ലൂക്കിയാണ് രംഗത്ത് എത്തിയത്. വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് ദില്ലി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിക്ക് മുന്നിൽ  മാർക്ക് മൊഴി നൽകി.കലാപവുമായി ബന്ധപ്പെട്ട വിദ്വേഷപോസ്റ്റുകൾ നിയന്ത്രിക്കാൻ ഫേസ്ബുക്ക് വീഴ്ച്ച വരുത്തിയെന്ന് മാർക്ക് ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ ദില്ലി കലാപം ആളിക്കത്തിക്കുന്ന രീതിയില്‍ ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും ചില ഇടപെടലുകള്‍ ഉണ്ടായി എന്നാണ് പ്രധാന ആരോപണം. ഫേസ്ബുക്കിന്‍റെ കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡ് ഈ സമയങ്ങില്‍ അന്നത്തെ ഫേസ്ബുക്ക് പോളിസി ഹെഡ്ഡുമാര്‍ അടക്കമുള്ളവരുടെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം പ്രവര്‍ത്തന രഹിതമായി എന്ന് മാര്‍ക്ക് ആരോപിക്കുന്നു. 

ഫേസ്ബുക്ക് നിങ്ങളോട് പറയുന്നത് അവര്‍ ഒരു ടെലിഫോണ്‍ പോലെയാണ് എന്നാണ്, എന്നാല്‍ അവര്‍ ഇ-മെയിലോ ടെലിഫോണോ അല്ല. എപ്പോഴും സക്രിയമായ ജനങ്ങള്‍ എന്ത് കാണണം, എന്ത് കാണേണ്ട എന്ന് തീരുമാനിക്കുന്ന ഇടപെടലാണ് അത്. എപ്പോഴും അതിന്‍റെ അല്‍ഗോരിതം മാറിക്കൊണ്ടിരിക്കും. അത് ചില കണ്ടന്‍റിനെ മുകളില്‍ എത്തിക്കും, ചിലതിനെ താഴ്ത്തും. അതിനാല്‍ സംഘര്‍ഷങ്ങളും, തെറ്റായ വിവരങ്ങളും ഉടലെടുക്കാന്‍ ഫേസ്ബുക്ക് സ്വാധീനം ചെലുത്തുന്നുണ്ട്. നിര്‍ഭാഗ്യം എന്ന് പറയട്ടെ അത് കാരണം കുറേപ്പേര്‍ക്ക് ജീവനും നഷ്ടപ്പെടുന്നു, അതിനാല്‍ ഇത് തടയണം - ഫേസ്ബുക്കിന്‍റെ സംഘര്‍ഷത്തിലുള്ള പങ്കിനെക്കുറിച്ച് മാര്‍ക്ക് മൊഴിയില്‍ പറയുന്നു.

അതേ സമയം പുതിയ ആരോപണം സംബന്ധിച്ച് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ ദില്ലി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജറാകാന്‍ നല്‍കിയ നിര്‍ദേശത്തിനെതിരെ ഫേസ്ബുക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സമിതിക്ക് ഫേസ്ബുക്കിനെ വിളിച്ചുവരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ കേസ് വരുന്ന ഡിസംബര്‍ 2ന് പരിഗണിക്കാനിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios