Asianet News MalayalamAsianet News Malayalam

'ബോയ്സ് ലോക്കര്‍ റൂം' വിവാദം: ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍

ഗ്രൂപ്പിനെ പുറത്ത് എത്തിച്ച പെണ്‍കുട്ടി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു - ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള യുവാക്കളുടെ സംഘം 'ബോയിസ് ലോക്കര്‍ റൂം' എന്നാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ്ചാറ്റ് റൂമായ ഇതിന്‍റെ പേര്. ഇതില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്

Delhi Schoolboy in Police Custody Over Boys Locker Room Chat Row
Author
New Delhi, First Published May 5, 2020, 11:11 AM IST

ദില്ലി: ദക്ഷിണ ദില്ലിയില്‍ പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗം ചെയ്യുന്നതടക്കം ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിച്ച കൗമാരസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് ദില്ലി പൊലീസ് പിടികൂടിയത്. ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നീ സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ അംഗമാണ് എന്നാണ് റിപ്പോര്‍ട്ട്. 

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലം പ്രചരിപ്പിക്കുക, ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഗ്രൂപ്പില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. ദക്ഷിണ ദില്ലി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ട്വിറ്ററില്‍ ഈ ഗ്രൂപ്പിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചതോടെയാണ് ഈ ഗ്രൂപ്പ് സംബന്ധിച്ച് പുറം ലോകം അറിഞ്ഞത്. 

ഗ്രൂപ്പിനെ പുറത്ത് എത്തിച്ച പെണ്‍കുട്ടി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു - ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള യുവാക്കളുടെ സംഘം  'ബോയിസ് ലോക്കര്‍ റൂം' എന്നാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ്ചാറ്റ് റൂമായ ഇതിന്‍റെ പേര്. ഇതില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. എന്‍റെ സ്കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ഈ ഗ്രൂപ്പിലുണ്ട്. ഞാനും എന്‍റെ സുഹൃത്തും ഇത് കണ്ടെത്തിയതോടെ ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം വിട്ടു.

സഹപാഠികള്‍ അടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവരെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നത് അടക്കം ഈ രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളിലൂടെ അപമാനിക്കുകയാണ് ഇവരുടെ പ്രധാന വിനോദം എന്നും പെണ്‍കുട്ടി ആരോപിച്ചു.

ഈ വെളിപ്പെടുത്തലോടെ വലിയ പ്രതിഷേധമാണ് ഓണ്‍ലൈനില്‍ ഉയര്‍ന്നത് തുടര്‍ന്നാണ് ദില്ലി പൊലീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. ഈ ചാറ്റ് ഗ്രൂപ്പിന്‍റെ അഡ്മിനായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത് എന്നാണ് സൂചന. അടുത്ത് തന്നെ കൂടുതല്‍പ്പേരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് ദില്ലി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios