ഏത് ആശാന്‍, ഏതു ലെവന്‍ഡോവ്‌സ്‌കി എന്നു വണ്ടറടിക്കാന്‍ വരട്ടെ. ആശാനെ മനസ്സിലായില്ലേ, മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് കക്ഷി. ട്രംപ് വൈറ്റ്ഹൗസ് വിടുന്നതിന് മുന്നേ ഒരു കാര്യം ചെയ്തു. ലെവന്‍ഡോവ്‌സ്‌കിയോട് ക്ഷമിച്ചു. കാര്യം ആശാന്റെ കാലു തല്ലിയൊടിച്ചൊട്ടുമില്ലെങ്കിലും ലെവന്‍ഡോവ്‌സ്‌കി ചെയ്തത് ഇത്തിരി കടന്ന കൈയായി പോയി. ഇനി പറയാം, ആരാണ് ഈ കക്ഷിയെന്ന്. സെല്‍ഫ് ഡ്രൈവിങ് കാര്‍ ടെക്‌നോളജിയും അതിന്റെ ട്രേഡ് സീക്രട്ടുകളും ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയ മുന്‍ ഗൂഗിള്‍ എഞ്ചിനീയറാണ് ആന്റണി ലെവന്‍ഡോവ്‌സ്‌കി. 

ഇദ്ദേഹം ഇവിടെ നിന്നത് ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയിലേക്ക് അവിടെ നിന്നും ഉബറിലേക്കും കടത്തിയിരുന്നു. ഇതാണ് വലിയ കേസും പൊല്ലാപ്പുമൊക്കെയായത്. ഇദ്ദേഹത്തിനു മാപ്പ് നല്‍കിയതായി ട്രംപ് തന്നെയാണ് പറഞ്ഞത്. സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനുള്ള ഗൂഗിളിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ സംരംഭകനായ ലെവന്‍ഡോവ്‌സ്‌കി തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ വില നല്‍കിയതായും പൊതുനന്മയ്ക്കായി തന്റെ കഴിവുകള്‍ വിനിയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ ചുമത്തിയ 33 കുറ്റങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഒഴിവാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ അപേക്ഷയില്‍ ഒരൊറ്റ കുറ്റം മാത്രം ഉള്‍പ്പെടുത്തി ട്രംപ് ക്ഷമിച്ചു. അതാണ് ട്രംപ്! തന്റെ ഭരണത്തിന്റെ അവസാന ദിവസം സ്റ്റീവ് ബാനന്‍, എലിയട്ട് ബ്രോയ്ഡി തുടങ്ങിയവര്‍ക്കും മുന്‍ പ്രസിഡന്റ് മാപ്പ് നല്‍കി. ഇവരെല്ലാം തന്നെ ട്രംപിന്റെ വിജയത്തിനായി പ്രചാരണ പ്രവര്‍ത്തനം നടത്തിയവരായിരുന്നു. അധികാരം നഷ്ടപ്പെടും മുന്‍പേ ചെയ്യാനുള്ളതൊക്കെ ചെയ്ത് ആശാന്‍ അങ്ങനെ മഹാനായി. ഇനി ഇതൊക്കെ വരുന്ന പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കുമോയെന്നു കണ്ടറിയണം. സാധാരണഗതിയില്‍, അതിനു സാധ്യതയില്ല. എന്നാല്‍, പതിവു കാര്യങ്ങളൊന്നുമല്ലല്ലോ അമേരിക്കയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഗൂഗിളിന്റെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ച കുറ്റം സമ്മതിക്കാന്‍ 2020 മാര്‍ച്ചിലാണ് ലെവാന്‍ഡോവ്‌സ്‌കി സമ്മതിക്കുന്നത്. 2016 ല്‍ അയാള്‍ ഗൂഗിള്‍ ഉപേക്ഷിച്ചിരുന്നു. സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പ്രോജക്റ്റിന്റെ തലവനായി ഉബെറില്‍ ചേരാന്‍ അദ്ദേഹം പോയി. മുന്‍ തൊഴിലുടമയില്‍ നിന്ന് ഐപി മോഷണം നടത്തിയെന്ന ആരോപണം നേരിട്ടതിനെത്തുടര്‍ന്ന് അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് സബ്‌സിഡിയറിയായ വയമോയില്‍ നിന്ന് ഈ 40 കാരന്‍ 14,000 ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് ആരോപണം.

വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ യുഎസ് ഫെഡറല്‍ ജഡ്ജി ലെവന്‍ഡോവ്‌സ്‌കിയെ 18 മാസം തടവിന് ശിക്ഷിച്ചു. ലെവാന്‍ഡോവ്‌സ്‌കി, ഗൂഗിളില്‍ നിന്ന് പുറത്തുപോയതിനുശേഷം, മോഷ്ടിച്ച ഫയലുകള്‍ ഓട്ടോമോട്ടോ എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് കൊണ്ടുപോയി, അത് പിന്നീട് ഉബര്‍ സ്വന്തമാക്കി. 'ആന്റണി ലെവാന്‍ഡോവ്‌സ്‌കിയുടെ സ്വയംഭരണ സാങ്കേതിക വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിച്ചത് വെയ്‌മോയെ വളരെയധികം തകര്‍ക്കുന്നതും ദോഷകരവുമായി ബാധിച്ചിരുന്നു. ലെവന്‍ഡോവ്‌സ്‌കി മോഷ്ടിച്ച രഹസ്യങ്ങള്‍ ഉബെറിന് അന്യായമായ നേട്ടമാണ് നല്‍കിയതെന്ന് കമ്പനി ആരോപിച്ചു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സെല്‍ഫ് ഡ്രൈവിംഗ് കാറുകളില്‍ ഇത് പ്രവര്‍ത്തിക്കുന്നു.