ദില്ലി: കൊവിഡ് 19-നെ തുടര്‍ന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്ന സേവനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആമസോണ്‍ ഇന്ത്യ. ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കായി സേവനങ്ങള്‍ പുനരാരംഭിച്ചെങ്കിലും, ആദ്യപടിയെന്ന നിലയില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ വിതരണമുള്ളൂ. സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് വാങ്ങിയ അവശ്യ ഉല്‍പ്പന്നങ്ങളും പ്രീപെയ്ഡ് പേയ്‌മെന്റ് രീതികളിലൂടെ വാങ്ങിയതും മാത്രാണ് ഇപ്പോള്‍ ആദ്യ ഘട്ടമായി വിതരണം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു.

രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഇപ്പോള്‍ ഡെലിവറികള്‍ പുനരാരംഭിച്ചു. നിലവിലുള്ള ഓര്‍ഡറുകള്‍ക്കാണ് മുന്‍ഗണന. ഒപ്പം, പ്രീപെയ്ഡ് പേയ്‌മെന്റ് രീതികള്‍ ഉപയോഗിച്ചവരെയും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍, ഇതില്‍ ഏതെങ്കിലും അവശ്യ ഉല്‍പ്പന്നമാണെങ്കില്‍ അതിനു മുന്‍ഗണന നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ കുറിച്ചതിങ്ങനെ, ലോക്ക്ഡൗണുകളും ഗതാഗത നിയന്ത്രണങ്ങളും കാരണം, ഡെലിവറികള്‍ വൈകിയേക്കാം. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി.

ആമസോണ്‍ സേവനങ്ങള്‍ പുനരാരംഭിച്ച നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, ഭുവനേശ്വര്‍, ഗുഡ്ഗാവ്, ഹൈദരാബാദ്, ജയ്പൂര്‍, ജംഷദ്പൂര്‍, ലഖ്‌നൗ, ലുധിയാന, മൊഹാലി, മൈസുരു, പട്‌ന, റായ്പൂര്‍ എന്നിവ ഉള്‍പ്പെടുന്നു. സംസ്ഥാന അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്നു കേരളത്തിലെ വിതരണത്തില്‍ തീരുമാനമെടുത്തിട്ടില്ല.

ഈ ആഴ്ച ആദ്യം, ആമസോണ്‍ ഇന്ത്യ അവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്നും ഉപഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആമസോണ്‍ ഇന്ത്യയുടെ ആഗോള സീനിയര്‍ വിപിയും രാജ്യ മേധാവിയുമായ അമിത് അഗര്‍വാള്‍ ട്വിറ്റ് ചെയ്തതിങ്ങനെ, 'ഞങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഞങ്ങളുടെ സഹകാരികളുടെ സുരക്ഷ ഉറപ്പുവരുത്തി കൊണ്ടും, എല്ലാ വിഭവങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയാണ്. നിലവില്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഈ സമയത്ത് സുരക്ഷിതനായി ഇരിക്കുക!

നേരത്തെ, ആമസോണിന്റെ മുഖ്യ എതിരാളി ഫ്‌ലിപ്കാര്‍ട്ട് അവരുടെ ഡെലിവറി സേവനങ്ങള്‍ ഹ്രസ്വമായി അടച്ചതിനുശേഷം പുനരാരംഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഇകൊമേഴ്‌സ് കമ്പനികളെ ഒഴിവാക്കിയിരുന്നു, അവരുടെ സേവനങ്ങളെ അത്യാവശ്യപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും, അവശ്യ സേവന വിഭാഗത്തില്‍ പെട്ടിട്ടും ഈ കമ്പനികളുടെ ഡെലിവറി എക്‌സിക്യൂട്ടീവുകളെ പൊലീസും പ്രാദേശിക ഗുണ്ടകളും മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കേസുകള്‍ പുറത്തുവന്നതിന് ശേഷമാണ് ഡെലിവറി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കമ്പനികള്‍ തീരുമാനിച്ചത്.

ഇപ്പോള്‍, ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ സുരക്ഷ നിയമപാലകര്‍ ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഫ്‌ലിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് ഇകൊമേഴ്‌സിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാരും പ്രാദേശിക സംസ്ഥാന അധികാരികളും നല്‍കിയ വിശദീകരണത്തിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങള്‍ ഇന്ന് അവശ്യവസ്തുക്കളായ പലചരക്ക് സേവനങ്ങള്‍ പുനരാരംഭിക്കുകയാണ്. ഈ സമയത്ത് നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിങ്ങള്‍ക്കു നന്ദി, ഞങ്ങളെ വിശ്വസിക്കുക, 'കല്യാണ്‍ ട്വീറ്റ് ചെയ്തു.

ഡെലിവറി ബോയ്‌സിന് അതത് കമ്പനികളായ ഫ്‌ലിപ്കാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് അല്ലെങ്കില്‍ ഗ്രോഫേഴ്‌സ്, ആമസോണ്‍ തുടങ്ങിയവ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഉണ്ടെങ്കിലും ഡെലിവറി ബോയ്‌സിന് അവരുടെ ജോലി തുടരാന്‍ അനുവദിക്കുന്ന ഒരു ആക്‌സസ് പാസായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.