ബാങ്കോക്ക് : ചാര്‍ജ് ചെയ്യാനിട്ട ഫോണില്‍ നിന്നും ഇലക്ട്രിക്ക് ഷോക്കടിച്ച് 40 കാരന്‍ മരിച്ചു. തായ്‌ലാന്റിലാണ് സംഭവം നടന്നത്. പാചക്കാരമായ സോംചായ് സിംഗറോണ്‍ എന്ന വ്യക്തിക്കാണ് ദുരന്തം സംഭവിച്ചത്. ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഇയാള്‍. ഇയാളുടെ കഴുത്തിലും മറ്റും പൊള്ളലേറ്റ പാടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തായ്‌ലാന്റിലെ സോംമത്ത് പ്രാക്കന്‍ എന്ന സ്ഥലത്തെ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഇയാള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫോണ്‍ പ്ലഗില്‍ ചാര്‍ജിന് വച്ച നിലയില്‍ ആയിരുന്നു മൃതദേഹത്തിന് അടുത്ത് കാണപ്പെട്ടത്. ഫോണുമായി ഇയര്‍ഫോണ്‍ കണക്ട് ചെയ്തിരുന്നു.

കടുത്ത ഫുട്‌ബോള്‍ പ്രേമിയാണ് ഇയാള്‍ എന്നാണ് ഇയാളുടെ 28 വയസുള്ള സഹമുറിയന്‍ സയിംങ് പറയുന്നത്. ഇയാളാണ് ആദ്യമായി മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ സോംചായിയുടെ കടയുടെ ഉടമയെ വിവരം അറിയിച്ചു. ഇയാള്‍ എത്തിയാണ് സോംചായ് മരിച്ചു എന്ന കാര്യം സ്ഥിരീകരിച്ചത്.

സാധാരണ രീതിയില്‍ ഫോണ്‍ ചാര്‍ജിന് ഇട്ട്, ഇയര്‍ഫോണ്‍ ഘടിപ്പിച്ച് ഫോണില്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതോ, സംഗീതം കേള്‍ക്കുന്നതോ സോംചായിയുടെ സ്ഥിരം പതിവാണ് എന്നാണ് സഹമുറിയന്‍ പറയുന്നത്. 

മരിച്ച സോംചായിയുടെ റൂമില്‍ നിന്നും ഒഴിഞ്ഞ ലഘുപാനീയ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് ഷോക്കേറ്റാണ് മരണം എന്നാണ് പൊലീസിന്റെ പ്രഥമികമായ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാല്‍ കൃത്യമായ സ്ഥിരീകരണം ലഭിക്കും എന്നാണ് തായ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് സംസ്‌കരിക്കാന്‍ വിട്ടുനല്‍കി.