ദില്ലി: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റ് ആകുകയാണ് ഫേസ് ആപ്പ്.  ഫേസ്ആപ്പ് ഉപയോഗിച്ച് സ്വന്തം ചിത്രവും, സുഹൃത്തുക്കളുടെ ചിത്രവും പ്രായം കൂട്ടി രസിക്കുന്നവര്‍ ഏറെയാണ്. ചിലപ്പോള്‍ ഫേസ്ബുക്കിലും മറ്റും കയറുന്നവര്‍ ഇവിടം 'ഓള്‍ഡ്' ഫേസ്ബുക്കായോ എന്ന് പോലും സംശയം ഉന്നയിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഫേസ്ആപ്പ് എന്ന ആപ്പാണ് ഇത്തരം ഒരു ട്രെന്‍റ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. ഏറ്റവും പുതിയ വിവരം വച്ച്  122 രാജ്യങ്ങളിൽ നിന്നുള്ളവരായി ഏകദേശം 100 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗൂഗിൽ പ്ലേയിൽ നിന്നും ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് ഡൗണ്‍ലോഡിലും ഈ ആപ്പ് പിന്നില്‍ അല്ല. 

എന്നാല്‍ പ്രായം കൂട്ടി ഫേസ്ആപ്പില്‍ കളിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഇത് ഒരു കെണിയാണോ എന്ന സംശയമാണ് ചില ടെക് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പുള്ള ഫേസ്ആപ്പിന്‍റെ സേവന നിബന്ധനകൾ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു. ആപ്പ് വഴി എ‍ഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാൻ കഴിയാത്തതുമായ റോയൽറ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍  അവർക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാൻ അവർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

രണ്ട് കൊല്ലം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഫേസ് ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അന്ന് പൂര്‍ണ്ണതയോടെ ചിത്രങ്ങള്‍ മാറ്റം വരുത്താന്‍ ഇതിന് സാധിക്കാത്തതിനാല്‍ ജനപ്രീതി ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് വലിയ മാറ്റങ്ങളുമായാണ് രണ്ടാം വരവ്. എന്നാല്‍ ദിവസങ്ങൾക്കൊണ്ട് 15 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ഫേസ്ആപ്പ് ശേഖരിച്ചുവെന്നാണ് റിപ്പോർട്ട്. ആളുകളുടെ മുഖത്തിന്‍റെ വിവിധകാലത്തെ ചിത്രങ്ങൾക്ക്  പുറമെ പേരുൾപ്പെടെയാണ് ആപ്പ് സ്വന്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫോബ്സ് പറയുന്നു.

എന്നാല്‍ ആപ്പിനെ അത്ര ഭയക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ആപ്പില്‍ നല്‍കുന്ന വിവരങ്ങള്‍ അമേരിക്കയിലെ ആമസോൺ സെർവറുകളിൽ നിലനിൽക്കും. പക്ഷേ അവർക്ക് ആവശ്യമുള്ളതെന്തും ചെയ്യാനുള്ള ലൈസൻസ് എപ്പോഴുമുണ്ടാവുകയും ചെയ്യും. ആപ്ലിക്കേഷന്‍റെ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി വയർലെസ് ലാബ്സ് നിങ്ങളുടെ വിവരങ്ങൾ മറ്റ് കമ്പനികൾക്ക് വിൽപന നടക്കുമെന്ന് ഇതിന് അർത്ഥമില്ല. എന്നാല്‍ പരിണതഫലങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. ഇതിന്റെ പ്രാധാന്യം വ്യക്തിപരമാണെന്നും ഫോബ്സ് റിപ്പോർട്ട് പറയുന്നു.

എന്നാല്‍ ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തിയിട്ടുണ്ട്. ഫേസ്ബുക്കിൽ നിന്നുൾപ്പെടെ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക സംഭവത്തിന് സമാനമാണോ പുതിയ പ്രശ്നം എന്നാണ് പലരും മുന്നോട്ട് വയ്ക്കുന്ന സംശയം. ഓർമ്മിപ്പിച്ചാണ് റിപ്പോർട്ട് ഫേസ്ആപ്പിനെ വിലയിരുത്തുന്നത്.