Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് അല്‍ഗോരിതം ചതിച്ചോ; 'ഫേസ്ബുക്കിലെ നിലവിളിയുടെ' യാഥാര്‍ത്ഥ്യം എന്ത്?

2019 അവസാനമാകുമ്പോള്‍ ഫേസ്ബുക്കിലെ അല്‍ഗോരിതം മാറ്റങ്ങള്‍ പേജുകളില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയവും പേജുകളുടെ സ്വഭാവിക റീച്ചും വലിയതോതില്‍ കുറച്ചിട്ടുണ്ടെന്നാണ് വിവിധ ഏജന്‍സി പഠനങ്ങള്‍ പറയുന്നത്. വലിയതോതില്‍ ശക്തമായി കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡ് നിബന്ധനകള്‍ ഫേസ്ബുക്ക് നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഈ പ്രതിഭാസം എന്നാണ്  വിലയിരുത്തപ്പെടുന്നത്. 

Facebook Algorithm Change Affect facebook users fact check
Author
Thiruvananthapuram, First Published Jan 5, 2020, 4:05 PM IST

കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ കാണുന്ന പ്രതിഭാസമാണ് അല്‍ഗോരിതം ചര്‍ച്ച. ഫേസ്ബുക്കില്‍ സെലബ്രേറ്റി, സാധാരണക്കാര്‍ എന്നിങ്ങനെ വ്യാത്യാസം ഇല്ലാതെയാണ് അല്‍ഗോരിതവുമായി ബന്ധപ്പെട്ട പോസ്റ്റ് വരുന്നത്. കുറച്ചുകാലമായി ഫേസ്ബുക്കില്‍ വരുന്ന മാറ്റങ്ങള്‍ പുതിയ പോസ്റ്റുകള്‍ കാണുന്നതിനും, പുതിയ വാര്‍ത്തകള്‍ അറിയുന്നതിനും തടസമാകുന്നു എന്നതാണ് പരാതിക്കാരുടെ പക്ഷം. ഒപ്പം തങ്ങളുടെ പോസ്റ്റ് എത്ര പേരില്‍ എത്തുന്നു എന്ന് അറിയാന്‍ ചില വിദ്യകളും മുന്നോട്ടുവയ്ക്കുന്നു. 'ഫേസ്ബുക്ക് അല്‍ഗോരിതത്തിന്‍റെ മാറ്റം കാരണം എന്‍റെ പോസ്റ്റ് ആവശ്യമായ റീച്ച് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്, ഈ പോസ്റ്റ് കാണുന്നവര്‍ കമന്‍റ് ബോക്സില്‍ കുത്തിയിട്ട് പോകാമോ' എന്നൊക്കെയാണ് ചോദിക്കുന്നത്.

ശരിക്കും ഫേസ്ബുക്കില്‍ ഇത്തരത്തില്‍ ഒരു മാറ്റം ഉണ്ടോ, അല്‍ഗോരിതത്തില്‍ പ്രശ്നങ്ങളുണ്ടോ.?

പ്രധാനമായും ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉയരുന്ന പരാതികള്‍ എന്താണെന്ന് പരിശോധിക്കാം. അല്‍ഗോരിതം പരാതികളുമായി ഉയര്‍ന്നുവന്ന പോസ്റ്റുകളില്‍ നിന്നും സമാഹരിച്ചതാണ് ഇവ.


1. പോസ്റ്റുകള്‍ കാര്യമായ രീതിയില്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരിലേക്ക് എത്തുന്നില്ല.
2. ലൈക്കുകള്‍, ഷെയറുകള്‍ എന്നിവയുടെ എണ്ണം ക്രമാതീതമായി കുറയുന്നു.
3. സ്ഥിരമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന പ്രോഫൈലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നില്ല
4.'സീ ഫസ്റ്റ്' എന്ന് നല്‍കി വച്ചിരുന്ന പേജുകളില്‍ നിന്നുള്ള അപ്ഡേഷനുകള്‍ ആദ്യം തന്നെ ലഭിക്കുന്നില്ല, അല്ലെങ്കില്‍ ഫീഡില്‍ കാണുന്നേയില്ല
5. വാര്‍ത്ത ലിങ്കുകള്‍ ഫീഡില്‍ നിന്നും അപ്രത്യക്ഷമാകുന്നു, പ്രത്യേക്ഷപ്പെടുന്നവ രണ്ട് ദിവസമോ, ഒരു ദിവസമോ പഴക്കമുള്ള വാര്‍ത്തകളാണ്
6. ക്ലോസ് ഫ്രണ്ട് സര്‍ക്കിളുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ പലപ്പോഴും ഫീഡില്‍ നിന്നും അപ്രത്യക്ഷമാകുന്നു.
7. ഏതെങ്കിലും ഒരു പോസ്റ്റില്‍ റിയക്ട് ചെയ്താല്‍ അത് ഫീഡില്‍ തന്നെ ദിവസങ്ങളോളം നില്‍ക്കുന്നു.

 

ഈ പ്രശ്നങ്ങള്‍ പറയുമ്പോള്‍, 2018 ജനുവരിയില്‍  ഫേസ്ബുക്ക് വരുത്തിയ വലിയ അല്‍ഗോരിതം മാറ്റത്തിന് ശേഷം ഫേസ്ബുക്ക് ന്യൂസ് ഫീഡ് സംബന്ധിച്ച് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞത് ഓര്‍ക്കണം. "ഒരു ഉപയോക്താവ് പ്രതീക്ഷിക്കുന്നത്, കൂടുതല്‍ സുഹൃത്തുക്കള്‍, കുടുംബം, ഗ്രൂപ്പുകള്‍ എന്നിവയില്‍ നിന്നുള്ള  അപ്ഡേഷനുകളാണ്, കുറച്ച് അപ്ഡേറ്റുകള്‍ ആഗ്രഹിക്കുന്നത് ബിസിനസ്, ബ്രാന്‍റ്, മീഡിയ എന്നിവയില്‍ നിന്നാണ്" 

എന്തായാലും 2019 അവസാനമാകുമ്പോള്‍ ഫേസ്ബുക്കിലെ അല്‍ഗോരിതം മാറ്റങ്ങള്‍ പേജുകളില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയവും പേജുകളുടെ സ്വഭാവിക റീച്ചും വലിയതോതില്‍ കുറച്ചിട്ടുണ്ടെന്നാണ് വിവിധ ഏജന്‍സി പഠനങ്ങള്‍ പറയുന്നത്. വലിയതോതില്‍ ശക്തമായി കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡ് നിബന്ധനകള്‍ ഫേസ്ബുക്ക് നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഈ പ്രതിഭാസം എന്നാണ്  വിലയിരുത്തപ്പെടുന്നത്. 

2018 ലെ പ്രധാന മാറ്റങ്ങള്‍ പ്രകാരം, ഒരു ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ന്യൂസ് ഫീഡിലേക്ക് ഒരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും 1500 സ്റ്റോറീസ് (പോസ്റ്റ്, വീഡിയോ, ലിങ്ക്, ചിത്രങ്ങള്‍) എങ്കിലും ഫേസ്ബുക്ക് എത്തിക്കും. ഇതില്‍ തന്നെ ഇത്തരത്തില്‍ എത്തുന്ന സ്റ്റോറികളില്‍ ഉപയോക്താവിന് ഉപകാരപ്രദവും അയാളുമായി ബന്ധപ്പെട്ടതുമായി പ്രധാനപ്പെട്ട 300 സ്റ്റോറീസാണ് ആദ്യം ഫേസ്ബുക്ക് അല്‍ഗോരിതം വഴി കണ്ടെത്തി ആദ്യം കാണിക്കുക. അതായത് 2018 ലെ ഫേസ്ബുക്ക് അല്‍ഗോരിതം ശരിക്കും ബാധിച്ചത് ബ്രാന്‍റ് പേജുകളെയാണ്. 

ഫേസ്ബുക്ക് കൂടുതല്‍ വരുമാന അധിഷ്ഠിതമായി നീങ്ങുന്നതിന്‍റെ ഭാഗം കൂടിയാണ് ഓര്‍ഗാനിക്ക് റീച്ചിന്‍റെ കുറവ് എന്ന് പറയാം. ഫേസ്ബുക്ക് അതിന്‍റെ ഉള്ളില്‍ തന്നെ ഉള്‍പിരിവുകള്‍ വരുത്തിയാണ് പുതിയ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്. മുന്‍പ് സൂചിപ്പിച്ച ഫേസ്ബുക്ക് മുതലാളിയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും: സ്വകാര്യ ഇടമായി ഫേസ്ബുക്കിനെ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഫേസ്ബുക്കിന്‍റെ കരുത്ത്. ഇത് ചോര്‍ന്ന് പോകാതെ ഒപ്പം കൊണ്ടുപോകാകാനാണ് ഫേസബുക്കിന് താല്‍പ്പര്യം. സുക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത് ഇത്രയുമാണ്: ഇത്തരത്തിലുള്ളവര്‍ക്ക് വലിയ ശല്യമില്ലാതെ ന്യൂസ് ഫീഡുകള്‍ അവരും അവര്‍ക്ക് ചുറ്റുമുള്ള ഫ്രണ്ട്സും ഒക്കെയായി മാത്രം ഒതുക്കുക. അവര്‍ക്ക് വേണ്ടി കുറച്ച് പരസ്യങ്ങള്‍, അത്യവശ്യം മറ്റ് കാര്യങ്ങള്‍ നല്‍കുക.

ഫേസ്ബുക്ക് അതിന്‍റെ കര്‍ത്തവ്യമായി കാണുന്നത് സൗഹൃദങ്ങള്‍ അടുപ്പിക്കലാണ്. പേജുകളും മറ്റും അവര്‍ക്ക് വരുമാന മാര്‍ഗ്ഗമാണ്. 2014 മുതല്‍ 2018 വരെ പേജുകളുടെ ഓര്‍ഗാനിക്ക് റീച്ചില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട് . അത് സ്വാഭാവികമായി ഇതിനെ പിന്തുടര്‍ന്നവരെയും ബാധിച്ചേക്കാം. അതായത് നിങ്ങള്‍ സ്ഥിരം പിന്തുടരുന്ന വാര്‍ത്ത പേജുകളുടെ കാഴ്ചക്കാര്‍ കുറഞ്ഞുവരാം. അപ്പോള്‍ വാര്‍ത്താ പേജുകള്‍ക്ക് ഫേസ്ബുക്കിന് പ്രതിഫലം നല്‍കി വാര്‍ത്തകള്‍ ബൂസ്റ്റ് ചെയ്യിക്കേണ്ടിവരും. അത് ഫേസ്ബുക്കിന് വലിയ വരുമാനമാകും. വാര്‍ത്ത, വീഡിയോ, വ്യാപാര ആവശ്യങ്ങള്‍, ഗ്രൂപ്പുകള്‍ എല്ലാം പ്രത്യേക ഫീഡുകളില്‍ നിങ്ങള്‍ക്ക് എത്തിക്കാനാണ് ഫേസ്ബുക്ക് ശ്രദ്ധിക്കുന്നത്. അതാണ് അവര്‍ക്ക് ലാഭകരവും. സബ്സ്ക്രൈബ് ചെയ്യുന്ന കണ്ടന്‍റുകളുടെ കാലമാണിത്. വീഡിയോ പ്ലാറ്റ്ഫോമുകള്‍ അത്തരത്തില്‍ മാറുന്നു . ഇതെല്ലാം മുന്നില്‍ കണ്ടുള്ള മാറ്റമാണ് ഫേസ്ബുക്ക് അടിമുടി വരുത്തുന്നത്.

ഫേസ്ബുക്ക് എന്നത് ഇന്ന് വെറും ഫേസ്ബുക്ക് അല്ല എന്നതും ഓര്‍ക്കണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എല്ലാം ചേര്‍ന്ന വലിയ ശൃംഖലയാണ് അതിന്‍റെതായ കരുത്തും, അതിന് അനുസരിച്ച മാറ്റവും കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഫേസ്ബുക്കില്‍ സാങ്കേതികമായി വന്നിട്ടുണ്ട്. അത് നമ്മുടെ എല്ലാം ന്യൂസ് ഫീഡില്‍ പ്രതിഫലിക്കാം. അപ്പോള്‍ മുകളില്‍ തങ്ങള്‍ക്ക് അടുത്തകാലത്ത് ഫേസ്ബുക്കിന്‍റെ അല്‍ഗോരിതം കാരണം വന്നു എന്ന് പറയുന്ന പ്രശ്നമോ എന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം ആരുടെ കയ്യിലും വ്യക്തമായി ഇല്ല.

എങ്കിലും അല്‍ഗോരിതമാണോ ഈ പ്രശ്നത്തിന് കാരണം എന്ന് ചോദിച്ചാല്‍ പ്രധാനമായും ലഭിക്കാവുന്ന ഉത്തരം ഇതാണ്:

ഫേസ്ബുക്ക് അടക്കമുള്ള ഏത് പ്ലാറ്റ്‌ഫോമിനും പ്രവര്‍ത്തനം കൃത്യമായി നടക്കാനും വരുമാനം നന്നായി ലഭിക്കാനുമുള്ള ഉപാധിയാണ് അല്‍ഗോരിതം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ അല്‍ഗോരിതത്തില്‍ അടിക്കടി ചെറിയ മാറ്റങ്ങള്‍ നടപ്പിലാക്കുകയും പിന്‍വലിക്കുകയുംചെയ്യാറുണ്ട്. ഇത് ഒരു ചെക്ക് ആന്റ് ബാലന്‍സ് സിസ്റ്റം ആണ്. 5000 സുഹൃത്തുക്കളാണ് ഫേസ്ബുക്ക് അനുവദിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ ഒരാള്‍ക്ക് 5000 സുഹൃത്തുക്കളെ ഒരിക്കലും നിലനിര്‍ത്താനോ അവരോട് വ്യക്തിപരമായ കമ്യൂണിക്കേഷന്‍ നിലനിര്‍ത്താനോ സാധിക്കില്ല. അതിനാല്‍ നിങ്ങളുടെ സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെ സാങ്കേതിക വിദ്യയുടെ പരിമിതിക്കപ്പുറം നിന്ന് തേടേണ്ടിവരും. വാര്‍ത്തകള്‍ തേടിപോകേണ്ടിവരും, നഷ്ടമായ പോസ്റ്റുകള്‍ തേടിപ്പോയി വായിക്കേണ്ടിവരും. ഇപ്പോള്‍ നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അതുമാത്രമാണ്.

സോഷ്യല്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും ഫേസ്ബുക്ക്  സൗഹൃദ കൂട്ടായ്മ എന്ന നിലയില്‍ ചുരുക്കുമ്പോള്‍ അതേറ്റവും ബാധിക്കുന്നത് ആക്ടിവിസത്തിനായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരെയാണോ എന്ന ചോദ്യവും അനുബന്ധമായി പ്രചരിക്കുന്നുണ്ട്. ഭരണകൂട താല്‍പ്പര്യങ്ങളും അതാത് രാജ്യത്തെ നിയമങ്ങളുമെല്ലാം അനുസരിച്ചു നിലനില്‍ക്കേണ്ട ഫേസ്ബുക്കിന്റെ ബാദ്ധ്യതയെക്കുറിച്ചും നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നതാണ്. ആഗോള ടെക്‌നോളജി കോര്‍പ്പറേറ്റ് എന്ന നിലയില്‍ ഫേസ്ബുക്കിന് അതിന്‍േറതായ താല്‍പ്പര്യങ്ങളുണ്ട്. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ അവര്‍ വരുത്താറുമുണ്ട്. എന്നാല്‍ അത് ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രമായിട്ടാവില്ല. മലയാളത്തില്‍ മാത്രമായി ഫേസ്ബുക്ക് റീച്ച് കുറയ്ക്കാനും മറ്റുമുള്ള സാങ്കേതിക വിദ്യ തല്‍ക്കാലം ഫേസ്ബുക്കിന് ഇല്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.

ചുരുക്കത്തില്‍, ഫേസ്ബുക്ക് തങ്ങളുടെ അല്‍ഗോരിതത്തില്‍  വലിയ മാറ്റങ്ങള്‍ വരുത്തിയ രണ്ട് വര്‍ഷങ്ങളാണ് കഴിഞ്ഞത്. അതിന്റെ അനുരണങ്ങള്‍ ഏത് ഫേസ്ബുക്ക് ഉപയോക്താവിനെയും ബാധിക്കാം. ഇപ്പോള്‍ നടത്തുന്ന അല്‍ഗോരിതം ക്യാംപെയിനുകള്‍ ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തും എന്ന് കരുതാന്‍ വയ്യ, പക്ഷെ തങ്ങളുടെ വരുമാനത്തെ, അല്ലെങ്കില്‍ ഡാറ്റയെ, വിശ്വസ്തതയെ ബാധിക്കുന്നഘട്ടത്തില്‍ ഫേസ്ബുക്ക് ഇത്തരം പരിഷ്‌കാരങ്ങളെ പുന:പരിശോധിക്കാനും വേണ്ട മാറ്റങ്ങള്‍ വരുത്താനും ശ്രമിച്ചേക്കും.
 

Follow Us:
Download App:
  • android
  • ios