Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് മൊത്തം ചലഞ്ചുകള്‍; ഏത് ചലഞ്ചില്‍ പങ്കെടുക്കണമെന്ന കണ്‍ഫ്യൂഷനിലും ചിലര്‍.!

പ്രധാനമായും രണ്ട് ചലഞ്ചുകളാണ് ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നത് കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും. #couplechallenge, #chirichallenge എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്ക് നിറയെ വിവിധ തരത്തിലുള്ള ഈ ചലഞ്ചുകളുടെ ഫോട്ടോകളാണ്. 

Facebook Challenges that Flood Your News Feed
Author
Thiruvananthapuram, First Published Sep 21, 2020, 5:31 PM IST

തിരുവനന്തപുരം: ഫേസ്ബുക്ക് വാളുകളില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ സീസണ്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് വിവിധ ചലഞ്ചുകള്‍ ഫേസ്ബുക്ക് ചുമരുകളില്‍ ഉയര്‍ന്നുവന്നത്. ഇതിന് ഇടയാക്കിയ കാരണം എന്താണ് എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരമൊന്നും എവിടെയും ലഭ്യമല്ലെങ്കിലും പലതരത്തിലും ഈ ചലഞ്ചുകള്‍ പുരോഗമിക്കുന്നു എന്നത് തന്നെയാണ് ട്രെന്‍റ് സൂചിപ്പിക്കുന്നത്. 

പ്രധാനമായും രണ്ട് ചലഞ്ചുകളാണ് ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്നത് കപ്പിള്‍ ചലഞ്ചും, ചിരിചലഞ്ചും. #couplechallenge, #chirichallenge എന്നീ ഹാഷ്ടാഗുകളില്‍ ഫേസ്ബുക്ക് നിറയെ വിവിധ തരത്തിലുള്ള ഈ ചലഞ്ചുകളുടെ ഫോട്ടോകളാണ്. കപ്പിള്‍ ചലഞ്ചില്‍ പോസ്റ്റ് ചെയ്യേണ്ടത് കപ്പിള്‍സിന്‍റെ ചിത്രങ്ങളാണ്. ഭാര്യഭര്‍ത്താക്കന്മാരാണ് ഇതില്‍ പോസ്റ്റ് ചെയ്യുന്നതില്‍ അധികവും എന്ന് പറയേണ്ടതില്ലല്ലോ. ഒപ്പം കപ്പിള്‍സ് എന്നത് സ്വന്തം ഭാര്യയോ/ ഭര്‍ത്താവോ വേണോ എന്ന് നിര്‍ബന്ധമാണോ എന്ന് സ്റ്റാറ്റസാക്കി ചലഞ്ചിനെ ട്രോളിയവരെയും കാണാം.

ചിരിപ്പടങ്ങളാണ് ചിരിചലഞ്ചിലെ മുഖ്യ ആകര്‍ഷണം. വിവിധ ചിരിപ്പടങ്ങള്‍, ചിരി ട്രോളുകള്‍ എന്നിവയെല്ലാം  #chirichallenge എന്ന ഹാഷ്ടാഗ് ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ കാണാം. അതേ സമയം ഈ ചലഞ്ചുകളില്‍ ഒന്നും പങ്കെടുക്കാത്തത് ഒരു ചലഞ്ചാണ് എന്ന വാദിക്കുന്നവരും കുറവല്ല. കപ്പിള്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒപ്പം പങ്കാളിയില്ലാത്തതിനാല്‍ സിംഗിള്‍ ചലഞ്ച് എന്ന പേരില്‍ സ്വന്തം ചിത്രം പങ്കുവച്ചവരുമുണ്ട്.

അതേ സമയം ഈ ചലഞ്ചുകളുടെ പേരില്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ നിരവധി ട്രോളുകളും നിറയുന്നുണ്ട്. അതേ സമയം ഫേസ്ബുക്കില്‍ ഇതിനെതിരെ ചില രാഷ്ട്രീയ ഗൌരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. അതില്‍ പ്രധാനം ഇപ്പോള്‍ കേരള സര്‍ക്കാറിനെതിരെ വിവിധ സമരങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ആസൂത്രീതമായ ശ്രമമാണ് ഇതെന്നാണ്. ഇത്തരക്കാര്‍ സമരചലഞ്ച് എന്ന പേരിലും, രാജി ചലഞ്ച് എന്ന പേരിലും വേറെയും ചലഞ്ച് തുടങ്ങിയിട്ടുണ്ട് എന്നതാണ് രസകരമായ കാര്യം. 

Follow Us:
Download App:
  • android
  • ios