ന്യൂയോര്‍ക്ക്: ഏറെ ചര്‍ച്ചയാകുന്ന നെറ്റ് ഫ്ലിക്സ് ഡോക്യുമെന്‍ററി സോഷ്യല്‍ ഡെലേമയ്ക്കെതിരെ ഫേസ്ബുക്ക് രംഗത്ത്. എവിടെയാണ് സോഷ്യല്‍ ഡെലേമയ്ക്കെ് തെറ്റിയത് എന്ന പേരില്‍ ഏഴു പൊയന്‍റുകള്‍ ഉള്ള ഒരു പ്രത്യേക വാര്‍ത്ത കുറിപ്പാണ് ഫേസ്ബുക്ക് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. 

2020 ജനുവരി 26ന് നെറ്റ് ഫ്ലിക്സില്‍ റിലീസ് ചെയ്ത ഡോക്യുമെന്‍ററിയാണ് സോഷ്യല്‍ ഡെലേമ. ജെഫ് ഓറലോസ്കിയാണ് ഇതിന്‍റെ സംവിധാനം. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എങ്ങനെയാണ് ഉപയോക്താവിനെ അവരുടെ ഉത്പന്നമാക്കി മാറ്റുന്നത് എന്ന കാര്യമാണ് ഡോക്യുമെന്‍ററിയില്‍ പറയുന്നത്. ഇത് ആഗോള വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്ത് ഇറങ്ങുന്നത്. ഫേസ്ബുക്ക് ഇറക്കിയ വിശദീകരണത്തില്‍ ഡോക്യുമെന്‍ററിയിലെ ഏഴുകാര്യങ്ങളില്‍ തെറ്റുപറ്റിയെന്നാണ് ആവകാശപ്പെടുന്നത്. ഫേസ്ബുക്ക് ഒരു ലഹരിയായി അതിന് അടിമയായി പോകുന്നു എന്ന വാദം ഫേസ്ബുക്ക് ആദ്യ തള്ളികളയുന്നു.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ എല്ലാം ഫേസ്ബുക്കിന്‍റെ ഉത്പന്നങ്ങളാണ് എന്ന വാദത്തിനെയും ഫേസ്ബുക്ക് നിഷേധിക്കുന്നു. ഫേസ്ബുക്ക് പരസ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത് അതിനാലാണ് ജനങ്ങള്‍ക്ക് സൌജന്യമായി നല്‍കാന്‍ കഴിയുന്നത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഫേസ്ബുക്ക് അല്‍ഗോരിതം സംബന്ധിച്ച് സോഷ്യല്‍ ഡെലേമ ഉയര്‍ത്തുന്ന ആരോപണങ്ങളെ ഫേസ്ബുക്ക് നിഷേധിക്കുന്നുണ്ട്. അല്‍ഗോരിതം ഫേസ്ബുക്ക് പ്രവര്‍ത്തനം സുഖകരമാക്കാനുള്ള ഒരു ടൂള്‍ മാത്രമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. 

വിവരങ്ങള്‍ സംബന്ധിച്ച് ഫേസ്ബുക്കും അതിന്‍റെ മറ്റ് ഉത്പന്നങ്ങളും ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഫേസ്ബുക്ക് പറയുന്നു. ഫേസ്ബുക്ക് സമൂഹത്തില്‍ ധ്രൂവീകരണം ഉണ്ടാക്കുന്നു എന്ന വിമര്‍ശനത്തിന് ഇതിനെതിരെ ശക്തമായ നടപടികള്‍ ഫേസ്ബുക്ക് എടുക്കുന്നു എന്നാണ് മറുപടി.

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നു എന്ന വിമര്‍ശനത്തിനും സോഷ്യല്‍ ഡെലേമയിലെ വാദങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പ്രതികരിക്കുന്നുണ്ട്. ഒപ്പം വ്യാജ വാര്‍ത്തകളും, വ്യാജ വിവരങ്ങളും തടയാന്‍ ഏറ്റവും വലിയ നടപടികള്‍ ഫേസ്ബുക്ക് എടുക്കുന്നു എന്നാണ് കുറിപ്പില്‍ ഏഴാം പോയന്‍റായി പറയുന്നത്.

അതേ സമയം ഈ ഡോക്യുമെന്‍ററിയില്‍ ഫേസ്ബുക്കിന്‍റെയോ, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്‍റെയോ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ വാദങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ തന്നെ തീര്‍ത്തും ഏകപക്ഷീയ വാദങ്ങളാണ് ഡോക്യുമെന്‍ററിയില്‍ നടത്തുന്നതെന്നും ഫേസ്ബുക്ക് ആരോപിക്കുന്നു.