ദില്ലി: വാട്ട്സ്ആപ്പിന്‍റെ വഴിയെ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച് ഫേസ്ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. 2018 മുതല്‍ വാട്ട്സ്ആപ്പ് പിന്തുടരുന്ന രീതിയാണ് ഇപ്പോള്‍ ഫേസ്ബുക്ക് മെസഞ്ചറും അനുവര്‍ത്തിക്കുന്നത്.

വ്യാജ പ്രചാരണങ്ങള്‍ക്ക് തടയിടാനും, തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനുമാണ് ഈ നീക്കം എന്നാണ് ഫേസ്ബുക്ക് വിശദീകരണം. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ കൂടിയാണെന്നാണ് ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുന്നത്.

അഞ്ച് സന്ദേശങ്ങള്‍ എന്നത് ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്ക്കെല്ലാം ബാധകമാണ് എന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കാലത്ത് വ്യാജ സന്ദേശങ്ങള്‍ തടയാനുള്ള ഫേസ്ബുക്ക് ഉദ്യമത്തിന്‍റെ കൂടി ഭാഗമാണ് പുതിയ നീക്കം. ഇതിന് പുറമേ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫേസ്ബുക്കിന്‍റെ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലും ഫോര്‍വേഡുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു.

അമേരിക്കയില്‍ കഴിഞ്ഞ  പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വ്യാജ പ്രചാരണത്തിന് ഉപയോഗപ്പെടുത്തി എന്ന പേരില്‍ വലിയ പേരുദോഷമാണ് ഫേസ്ബുക്കിന് ഉണ്ടായത്. ഇത് തിരുത്താന്‍ അമേരിക്കയില്‍ വലിയ പരിഷ്കാരങ്ങളാണ് ഫേസ്ബുക്ക് സിഇഒ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.